കൊച്ചി : പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയതിന്റെ പേരിൽ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്.
സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ തൊഴിൽ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴിൽ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാൽ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും, പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു.