കുഴൽമന്ദം : പാലക്കാട് 40 ലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍. രേഖകളില്ലാതെ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ നാല്‍പ്പത് ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയില്‍. മഹാരാഷ്ട്രക്കാരായ വിശാല്‍ ബിലാസ്ക്കര്‍ (30), ചവാന് സച്ചിന് (32) എന്നിവരാണ് വാളയാറിലും ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം ധരിച്ച് അതിന് മുകളില്‍ ബനിയനുമിട്ടാണ് ഇവര്‍ പണം കടത്തിയിരുന്നത്.
ഇവരില്‍ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്. ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിനുള്ളിലാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നു പട്ടാമ്പിയിലേക്ക് ബസിലാണ് ഇവര്‍ സഞ്ചരിച്ചത്. കുഴല്‍ പണം കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നും ആര്‍ക്കാണ് പണം കൈമാറുന്നത് എന്നതുള്‍പ്പെടെ അന്വേഷിച്ചുവരുകയാണെന്നും പൊലിസ് പറഞ്ഞു.