കോട്ടയം:ജാതി സെൻസസ് വിഷയത്തിൽ യോജിച്ച പ്രക്ഷോഭം നടത്തുവാൻ കോട്ടയത്ത് ചേർന്ന പട്ടികജാതി -പട്ടിക വർഗ്ഗ സംഘടനകളുടെ സംയുക്ത വേദിയായ ദളിത് ആദിവാസി സംയുക്ത സമിതിയുടെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.അധികാരത്തിന്റെയും വിഭവങ്ങളുടേയും നീതിയുക്തമായ വിതരണം ഉറപ്പുവരുത്തുവാൻ ജനവിഭാഗങ്ങളുടെ ശരിയായ സ്ഥിതി വിവരകണക്കുകൾ ആവശ്യമാണെന്നിരിക്കെ കോടതിയും സാങ്കേതികത്വവും പറഞ്ഞ് വിവരശേഖരണം നടത്താതിരിക്കനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് . സംസ്ഥാനം നടപ്പിലാക്കിയാൽ ദേശീയ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിയില്ലെന്ന വാദം അംഗീകരിക്കാൻ കഴിയുന്നതല്ല .
ബീഹാർ, ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ സ്വീകരിച്ച മാതൃക കേരളം മറന്നു പോകരുതെന്നും യോഗം മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൻമേൽ ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് നടക്കുന്ന പിന്നോക്ക വിഭാഗങ്ങളുടെ സംയുക്ത യോഗത്തിൽ പങ്കെടുക്കുവാനും യോഗം തീരുമാനിച്ചു.കോട്ടയം ചേർന്ന യോഗം സമിതി ജനറൽ കൺവീനറും കെ.പി.എം.എസ് ജനറൽസെക്രട്ടറിയുമായ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാനും സി.എസ്.ഡി.എസ് പ്രസിഡന്റുമായ കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ അഡ്വ .വി.ആർ .രാജു, എ.കെ.സജീവ്, ഐ.ആർ. സദാനന്ദൻ,എസ്. അറുമുഖം, പ്രവീൺ.വി. ജെയിംസ്, എം.ടി.സനേഷ്, കെ.വി.അജയകുമാർ,പി.പി.ജോയ്,അഡ്വ.എ.സനീഷ്കുമാർ,അഖിൽ.കെ.ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.