ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: മുന്നിലോടിയ പൂച്ചയ്ക്കു പിന്നാലെ കിണറ്റിൽ ചാടിയ ലിലിയെ രക്ഷിക്കാൻ നാട്ടുകാർ പരിശ്രമിച്ചത് ഒന്നര മണിക്കൂറിലേറെ. കോട്ടയത്തെ കേരള ഫുഡ് കോർട്ട് ഉടമ ചിങ്ങവനം വലിയവീട്ടിൽ റെജികുമാറിന്റെ വീട്ടിലെ ഏഴുമാസം പ്രായമുള്ള ലാബ്രഡോർ നായ ലില്ലിയാണ് രാവിലെ കിണറ്റിൽ ചാടിയത്. രാവിലെ അഴിച്ചു വിട്ട നായ വീട്ടുമുറ്റത്ത് പൂച്ചയെക്കണ്ടപ്പോൾ കലിയിളകി പിന്നാലെ ഓടുകയായിരുന്നു. ലില്ലിയെ കണ്ട പൂച്ച കിണറിന്റെ മുന്നിൽ നിന്ന് വെട്ടിത്തിരിഞ്ഞ് ഒറ്റയോട്ടം. പൂച്ചയെ പിടിച്ചേ അടങ്ങു എന്ന വാശിയിൽ പിന്നാലെ ഓടിയ ലില്ലിയാകട്ടെ കിണറിന്റെ മുകളിലേയ്ക്ക് എടുത്തൊരു ചാട്ടം.
കിണറിനു മുന്നിൽ ഇട്ടിരുന്ന വലയും തകർത്ത് ലില്ലി നേരെ കിണറ്റിൽ. പൂച്ചയാകട്ടെ ലില്ലിയെ കിണറ്റിലിട്ട് പൊടിയും തട്ടി പിടിവിട്ടു പോയി. ശബ്ദം കേട്ട് വീട്ടുടമയായ റെജി പുറത്തെത്തി നോക്കിയപ്പോഴാണ് പൂച്ചയ്ക്കു പിന്നാലെ ഓടിയ ലില്ലി കിണറ്റിൽ കിടക്കുന്ന കാഴ്ച കണ്ടത്. ഇതോടെ ഞെട്ടിപ്പോയ റെജി, ഉടൻ തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടി. ആദ്യം ചിങ്ങവനം പൊലീസിലും പിന്നീട് അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. എന്നാൽ, നായയെ പുറത്തെടുക്കാൻ വരാനാവില്ലെന്നായിരുന്നു അഗ്നിരക്ഷാ സേന അധികൃതരുടെ നിലപാട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, പല തവണ പരിശ്രമിച്ചെങ്കിലും നായയെ കരയ്ക്ക് എത്തിക്കാൻ സാധിച്ചില്ല. ഇതേ തുടർന്ന്, റെജി മന്ത്രി വി.എൻ വാസവനെ ഫോണിൽ ബന്ധപ്പെട്ടു. റെജി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രി വാസവൻ കോട്ടയം അഗ്നരക്ഷാ സേനാ അധികൃതരെ ബന്ധപ്പെട്ടു. തുടർന്ന്, അഗ്നിരക്ഷാസേനാ സംഘം റെജിയെ ഫോണിൽ ബന്ധപ്പെട്ട് നായയെ പുറത്തെടുക്കാനായി എത്തുകയാണ് എന്ന് അറിയിച്ചു. നായയെ പുറത്തെടുക്കാൻ വീട്ടുകാർ പരിശ്രമം തുടരുന്നതിനിടെയാണ് മൂലംകുളം മൈതൂർപറമ്പിൽ രമേശൻ ധൈര്യസമേതം കിണറ്റിൽ ഇറങ്ങിയത്. തുടർന്ന് കയർ കെട്ടി നായയെ കരയ്ക്ക് കയറ്റി.
ഇതോടെ നായയെ പുറത്ത് എത്തിച്ചതായി അഗ്നിരക്ഷാ സേനയെ വിളിച്ച് റെജി വിവരം പറയുകയും ചെയ്തു. ഒരു പൂച്ചയ്ക്കു പിന്നാലെ ഓടി കുളിച്ചു കയറി ലില്ലിയുടെ ഓട്ടവും കിണറ്റിലേയ്ക്കുള്ള ചാട്ടവും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുമുണ്ട്.