‘ഒരു കയ്യബദ്ധം, നാറ്റിക്കരുത്’, അടുക്കളയിൽ നുഴഞ്ഞുകയറി മടങ്ങിയ ‘വിരുതൻ’ ജനലിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്

കാഞ്ഞങ്ങാട്: പുല്ലൂർ വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീട്ടു ജനൽ കമ്പിയിൽ കുരുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന.  കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക്ക് സ്പെഡ്രർ മെഷീൻ ഉപയോഗിച്ച് കമ്പി വിടർത്തിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.അടുക്കളയിൽ ആരുമില്ലാത്ത സമയത്ത് വിശപ്പടക്കി മടങ്ങാമെന്ന് കരുതിയാണ് പൂച്ച സീതാ ലക്ഷ്മിയുടെ അടുക്കളയിൽ നുഴഞ്ഞുകയറിയത്.  ഭക്ഷണം അകത്താക്കി മടങ്ങുന്നതിനിടെ കക്ഷിക്കൊരു അബദ്ധം പറ്റി.  അടുത്തുള്ള  പാത്രം തട്ടി താഴെയിട്ടു. ശബ്ദം കേട്ടപാടെ വിട്ടുകാർ അടുക്കളയിലേക്ക് ഓടിക്കിതച്ചെത്തി. പിന്നെ ഓടി രക്ഷപ്പെടുക എന്നതല്ലാതെ മറ്റെന്ത് വഴി!. അമാന്തിച്ചില്ല പൂച്ച ജീവനും കൊണ്ടോടി… ജനൽക്കമ്പിക്കിടയിൽ ചാടിക്കയറി പുറത്തേക്ക് ചാടാനായിരുന്നു ശ്രമം.എന്നാൽ  തലയും ഒരു കൈയും കമ്പിക്കുള്ളിലായി കുടുങ്ങി.  അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥ. വെപ്രാളത്തിൽ അമിതാവേശവും ദേഷ്യവും ചേർത്ത്  ജനൽ കമ്പി കടിച്ചു മുറിക്കാനായി പിന്നെയുള്ള ശ്രമം. എന്നാൽ  ആ മിഷനും പരാജയപ്പെട്ടു. പിന്നെ ഒന്നും നോക്കിയില്ല, ‘മ്യാവു മ്യാവു’ ഉച്ചത്തിൽ ഒച്ച വെച്ചു കരഞ്ഞു. ഈ ശ്രമം ഫലം കണ്ടു. ഭക്ഷണം കട്ടുതിന്നതിനലുള്ള ദേഷ്യമൊക്കെ മാറ്റിവച്ച് വിട്ടുകാരും രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ അവരും പരാജയപ്പെട്ടു.ഒടുവിൽ അഗ്നിരക്ഷാ സേനയെ വിളിച്ചു. അവരും രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. കട്ടക്കലിപ്പിൽ നിൽക്കുന്ന പൂച്ചയുടെ  കടി വാങ്ങി കൂട്ടേണ്ടെന്ന് കരുതിയാവണം, പൂച്ചയ്ക്കൊരു ഹെൽമെറ്റ് വച്ചായിരുന്നു രക്ഷാപ്രവർത്തനം. അധികം വൈകാതെ കമ്പി മുറിച്ച് പൂച്ചയ്ക്ക് സ്വാതന്ത്ര്യം നൽകി. വലിയൊരു പ്രയത്നത്തിന് നന്ദിയൊന്നും കാണിക്കാൻ നിൽക്കാതെ, ഇതൊക്കെയെന്ത്.. എന്ന ഭാവത്തിൽ പൂച്ച നടന്നകന്നു…

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.