പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
മത്തായിയുടെ കസ്റ്റഡി അന്യായമായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഡെപ്യു. റേഞ്ച് ഓഫിസര്‍ ആര് രാജേഷ് കുമാര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എ കെ പ്രദീപ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍ സന്തോഷ്, വി .ടി അനില്‍കുമാര്‍, വി. എം ലക്ഷ്മി, ട്രൈബല്‍ വാച്ചര്‍ ഇ വി പ്രദീപ് കുമാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുളളത്.
2020 ആഗസ്റ്റ് 28നായിരുന്നു വനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്കാരിക്കില്ലെന്ന് ബന്ധുക്കളുടെ നിലപാടെടുത്തത് കോളിളക്കം സൃഷ്ടിച്ചിരുന്നു.