കോട്ടയം: തിരുവാതുക്കലിൽ ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതിയെ അതിസാഹസികമായി തൃശൂരിൽ നിന്നും പൊലീസ് സംഘം പിടികൂടിയ ശേഷം ഇന്ന് നടന്നത് മാരത്തോൺ ചോദ്യം ചെയ്യലും തെളിവെടുപ്പും. കേസിലെ പ്രതിയായ അസം സ്വദേശി അമിതിനെ രാവിലെ എട്ടു മണിയോടെയാണ് തൃശൂർ മാളയിലെ കോഴി ഫാമിൽ നിന്നും പൊലീസ് സംഘം പിടികൂടിയത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ ഡോ.മീരയെയുമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട അസം സ്വദേശിയായ അമിത് എന്ന പ്രതിയെ തൃശൂരിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. രാവിലെ എട്ടു മണിയോടെ തൃശൂരിൽ പിടിയിലായ അമിത്തിനെ ഉച്ചയ്ക്ക 12 മണിയോടെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് , ഇവിടെ എത്തിച്ച് പ്രതിയെ വിശദമായി പൊലീസ് സംഘം ചോദ്യം ചെയ്തു. ഇതോടെയാണ് ഹാർഡ് ഡിസ്‌കുകളും മൊബൈൽ ഫോണുകളും ഇയാൾ എന്താണ് ചെയ്തതെന്നു പൊലീസിനു കൃത്യമായ ഉത്തരം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊലപാതകം നടത്തിയ ശേഷം പ്രതിയായ അമിത് സമീപത്തെ ഇടവഴിയിലൂടെ നടന്ന് അരകിലോമീറ്ററിലധികം അകലെയുള്ള തോട്ടിൽ സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം ഡിവൈഎസ്.പി കെ.ജി അനീഷിന്റെയും വെസ്റ്റ് ഈസ്റ്റ് ഗാന്ധിനഗർ എസ്.എച്ച്.ഒമാരായ കെ.ആർ പ്രശാന്ത്കുമാർ, യു.ശ്രീജിത്ത്, ടി.ശ്രീജിത്ത് എന്നിവരുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഹാർഡ് ഡിസ്‌കിനായി തിരച്ചിൽ നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് അനൂപ് അബൂബക്കറും മറ്റൊരു സുഹൃത്തും ചേർന്നാണ് തോട്ടിൽ നിന്നും ഹാർഡ് ഡിസ്‌ക് കണ്ടെത്തിയത്. സമീപത്തു മാറി താഴത്തങ്ങാടി ഭാഗത്തു നിന്നു തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള മൊബൈൽ ഫോണും കണ്ടെത്താൻ പൊലീസ് തിരച്ചിൽ നടത്തി. തുടർന്ന് പ്രതിയെ വീട്ടിലെത്തിച്ച് പൊലീസ് സംഘം കൊലപാതകം നടത്തിയ രീതി അടക്കം പകർത്തിയും തെളിവെടുപ്പ് നടത്തി.
ചോദ്യം ചെയ്യലിൽ പൊലീസ് സംഘത്തോട് ചെയ്ത കുറ്റമെല്ലാം പ്രതി അമിത് ഏറ്റുപറഞ്ഞിട്ടുണ്ടെന്നാണ് വിവരം. വിജയകുമാർ തന്നെ കള്ളക്കേസിൽ കുടുക്കിയതായാണ് പ്രതി അമിത് വിശ്വസിക്കുന്നത്. ഇതേ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ അഞ്ച് മാസത്തോളം അമിത് ജയിലിൽ കിടന്നു. ഇത് കൂടാതെ കാമുകി ഇയാളെ ഉപേക്ഷിച്ച് പോകുകയും ചെയ്തു. ഇതെല്ലാം ചേർന്നതോടെയാണ് അമിതിന് വിജയകുമാറിനോടും കുടുംബത്തോടും കടുത്ത വൈരാഗ്യമുണ്ടായതെന്നാണ് മൊഴി.
പ്രതിയെ ചോദ്യം ചെയ്ത് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇയാളുടെ വൈദ്യ പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇയാളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.