തൃശൂർ: ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. പി വി അൻവറുമായി കോൺഗ്രസ് നടത്തിയ ചർച്ചയിലാണ് രമ്യ ഹരിദാസിനെ പിൻവലിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാനാർഥികളെ പിൻവലിച്ച് സമവായ ചർച്ച വേണ്ട എന്നാണ് യുഡിഎഫ് തീരുമാനം. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാർഥികൾ തന്നെ മത്സരിക്കും. അൻവറുമായി അനുനയ നീക്കങ്ങൾ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ചാൽ പാലക്കാട് കോൺഗ്രസിനെ പിന്തുണയ്ക്കാം എന്നാണ് അൻവർ മുന്നോട്ടുവെച്ച സമവായ ഫോർമുല. എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്നും അൻവർ ആവശ്യമുന്നയിച്ചു. എന്നാൽ അതിൽ ചർച്ചകളില്ലെന്നാണ് യുഡിഎഫ് ഇപ്പോൾ വ്യക്തമാക്കുന്നത്.
വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ അൻവറിനോട് സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. സിപിഎം- ബിജെപി കൂട്ടുകെട്ട് തകർക്കാൻ ഒപ്പം നിൽക്കണമെന്നാണ് യുഡിഎഫ് അൻവറിനോട് അഭ്യർത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സമാന മനസ്‌കരുടെ കൂട്ടായ്മയാണ് വേണ്ടതെന്നും യുഡിഎഫ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) യുടെ പാർട്ടി ടിക്കറ്റിൽ മുൻ കോൺഗ്രസ് നേതാവ് എൻ കെ സുധീറാണ് ചേലക്കരയിൽ നിന്ന് ജനവിധി തേടുന്നത്. ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജ് മെദാർ ആണ് പാലക്കാട് ഡിഎംകെ സ്ഥാനാർഥി. വയനാട് പാർലമെന്റ് സീറ്റിൽ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ പി വി അൻവറിന്റെ പാർട്ടി പിന്തുണയ്ക്കുന്നുണ്ട്.