റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ബൈക്ക് ഹെല്‍മെറ്റുകള്‍ക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ നിർമ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടർമാർക്കും മജിസ്ട്രേറ്റുമാർക്കും നിർദ്ദേശം നല്കി.
ഇത്തരക്കാരെ അവരുടെ വേരുകളില്‍ നിന്ന് ഇല്ലാതാക്കിക്കൊണ്ട് ഹെല്‍മെറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് നീക്കം. ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെല്‍മെറ്റുകള്‍ നിർമ്മിക്കുന്ന ഫാക്ടറികള്‍ സീല്‍ ചെയ്യാനാണ് ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. റോഡപകട മരണങ്ങള്, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടകരമായ വർധനവിനൊപ്പം, നിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും കുറയ്ക്കാൻ ഈ നീക്കം ലക്ഷ്യമിടുന്നു. നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ നിർമ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നേരത്തെ തന്നെ നിയമം നിലവിലുണ്ടെന്നും ഇത് വകവയ്ക്കാതെയാണ് ഇത്തരം ഹെല്‍മറ്റുകള്‍ നിർമ്മിച്ച് വില്‍ക്കുന്നതെന്നും അധികൃതർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐഎസ്ഐ അംഗീകൃതമല്ലാത്ത ഹെല്‍മെറ്റുകളുടെ വില്പന തടയാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഎസ്ഐ രജിസ്ട്രേഷൻ ഇല്ലാതെ ഹെല്‍മറ്റ് വില്പന നടത്തുന്നവരെ ലക്ഷ്യം വയ്ക്കാൻ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ മന്ത്രാലയം ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ഇല്ലാതെ വില്‍ക്കുന്ന ഹെല്‍മെറ്റുകളാണ് റോഡപകടങ്ങളിലെ മരണങ്ങളുടെ പ്രധാന കാരണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബിഐഎസ് ലൈസൻസുകളും ഐഎസ്ഐ മാർക്കുകളും ഇല്ലാത്ത ഹെല്‍മറ്റ് നിർമ്മാതാക്കള്‍ക്കും വില്‍ക്കുന്നവർക്കും എതിരെ അടിയന്തര നടപടി വേണമെന്നും കത്തില്‍ പറയുന്നു. നിലവാരമില്ലാത്ത ഹെല്‍മെറ്റുകളുടെ ഉല്‍പ്പാദനത്തിനും വില്‍പ്പനയ്ക്കുമെതിരേ നടപടിയെടുക്കാൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേകം നിർദേശം നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റ് ഉള്‍പ്പെടെയുള്ള വ്യാവസായിക ഉല്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് ബിഐഎസ് നിശ്ചയിച്ചിട്ടുള്ള ഇന്ത്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനെ സൂചിപ്പിക്കുന്ന ഐഎസ്ഐ അടയാളം നിർണായകമാണ്.