കൊച്ചി : കുവൈറ്റിലെ ദുരന്തമുഖത്തേക്കുള്ള യാത്ര റദ്ദാക്കി മന്ത്രി വീണാ ജോർജ്. കേന്ദ്രസർക്കാർ യാത്രാനുമതി നിഷേധിച്ചതിനെ തുടർന്നാണ് മന്ത്രി യാത്ര റദ്ദാക്കിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് മന്ത്രി യാത്ര റദാക്കിയത്. കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 26 ആയി.
15ന് ബലിപെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ എത്രയും വേഗം മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. മലയാളികളടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനു വിമാനം ക്രമീകരിക്കാൻ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർദേശം നൽകി. മൃതദേഹങ്ങൾ ഒന്നിച്ചു നാട്ടിലെത്തിക്കാനാണു ശ്രമിക്കുന്നതെന്ന് നോർക്ക സെക്രട്ടറി കെ.വാസുകിയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി പ്രത്യേക വിമാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങൾ ഒന്നിച്ച് എത്തിക്കുമെന്നും അവർ അറിയിച്ചു. നാളെ പുലർച്ചെയോടെ മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചേരും. കേന്ദ്ര സർക്കാർ പ്രതിനിധികൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി അന്തിമോപചാരം അർപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്.
മലയാളികളുടെ മൃതശരീരങ്ങൾ നോർക്കയുടെ നേതൃത്വത്തിലാവും കേരളത്തിൽ എത്തിക്കുക. വിമാനത്താവളത്തിൽ നിന്നും പ്രത്യേക ആംമ്പുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. പരുക്കേറ്റവർക്ക് കുവൈറ്റിൽ തന്നെ ചികിത്സ നൽകും.