പനജി : കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഗോവയിലെ റസ്റ്ററന്റ് സംബന്ധിച്ച വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. സ്മൃതി ഇറാനിയുടെ മകള്‍ സോഷ് ഇറാനി റസ്റ്ററന്റിനെ കുറിച്ച് സംസാരിക്കുന്ന വിഡിയോയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് പുറത്ത് വിട്ടത്. ഗോവ ഇന്ത്യയുടെ ടൂറിസ്റ്റ് ഹബ്ബാണ്. ഇവിടെ നിങ്ങള്‍ക്ക് ഗോവന്‍ രുചികള്‍ ഒരുപാട് കണ്ടെത്താന്‍ കഴിയും. എന്നാല്‍, ആഗോളതലത്തിലുള്ള ഭക്ഷ്യവിഭവങ്ങള്‍ ഇവിടെ കുറവാണെന്ന് സോഷ് ഇറാനി പറയുന്നതാണ് വിഡിയോയില്‍.
റസ്റ്ററന്റിന്റെ ഉടമസ്ഥ താനാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്. സൂര്യന്‍, ചന്ദ്രന്‍, സത്യം എന്നിവയെ ഒരിക്കലും മറച്ചുവെക്കാന്‍ കഴിയില്ലെന്നാണ് സ്മൃതി ഇറാനിയുടെ റസ്റ്ററന്‍സ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ച് ബി.വി ശ്രീനിവാസ് ട്വിറ്ററില്‍ കുറിച്ചത്. സ്മൃതി ഇറാനിയുടെ മകളുടെ ബാറിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പങ്കുവെച്ച് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. എക്സൈസ് നല്‍കിയ നോട്ടീസാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. സ്മൃതി ഇറാനിയും കുടുംബവും ഗോവയില്‍ ലൈസന്‍സില്ലാതെ റസ്റ്ററന്റ് നടത്തുവെന്നത് ഗൗരവകരമായ കാര്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. സ്മൃതി ഇറാനിയുടെ മകളുടെ ബാറിന്റെ ലൈസന്‍സ് 13 മാസം മുമ്ബ് മരിച്ചുപോയ ഒരാളുടെ പേരിലാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താന്‍ ഗാന്ധി കുടുംബത്തിനെതിരെ പ്രതികരിച്ചതിനാലാണ് കോണ്‍ഗ്രസ് തന്നെ ലക്ഷ്യംവെക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു. മധ്യവയസ്കരായ രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് 18കാരിയായ തന്റെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍. അവള്‍ ചെയ്ത ഒരേയൊരു കുറ്റം അവളുടെ അമ്മ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ സംസാരിച്ചുവെന്നതാണ്.എന്റെ മകള്‍ കോളജില്‍ പഠിക്കുകയാണ്. അവര്‍ ബാര്‍ നടത്തുന്നില്ല. ദയവായി രേഖകള്‍ പരിശോധിക്കുക. ഞാന്‍ കോടതിയിലും ജനങ്ങള്‍ക്കും മുമ്ബിലും ഇത് മറുപടി പറയും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉടന്‍ മാനനഷ്ട കേസ് നല്‍കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.