ന്യൂഡല്‍ഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പുചുമതല. ആദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഇന്ത്യ പോർട്ട് ഗ്ലോബല്‍ ലിമിറ്റഡും (ഐ.പി.ജി.എല്‍.) ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇറാനില്‍നടന്ന ചടങ്ങില്‍ ഇറാന്റെ റോഡ്-നഗര വികസനമന്ത്രി മെഹർസാദ് ബസർപാഷും പങ്കെടുത്തു. അഫ്ഗാനിസ്താനുമായും വിശാലമായ മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാരത്തിനുള്ള കവാടമായി ചബഹാർ മാറുമെന്നാണ് പ്രതീക്ഷ. ഇറാനെതിരായ അമേരിക്കൻ ഉപരോധം തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു.
ഉപരോധം വകവെക്കാതെ തുറമുഖത്തിന്റെ വികസനത്തിന് സഹകരിച്ച ഏക വിദേശരാജ്യം ഇന്ത്യയാണ്. തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും. ചൈന-പാക് സാമ്ബത്തിക ഇടനാഴിയെയും അറബിക്കടലില്‍ ചൈനയുടെ സാന്നിധ്യത്തെയും നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യക്ക് ഗുണംചെയ്യും. പാകിസ്താനിലെ ഗ്വാദർ തുറമുഖത്തിന്റെ വികസനം ചൈന ഏറ്റെടുത്തത് അറബിക്കടലില്‍ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യം വെച്ചാണ്. ചബഹാർ തുറമുഖത്തുനിന്ന് 72 കിലോമീറ്റർ അകലെയാണ് ഗ്വാദർ തുറമുഖം. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ, ഉസ്ബെക്കിസ്താൻ തുടങ്ങിയ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിന് അനുയോജ്യമായ നയതന്ത്രസ്ഥലത്താണ് ചബഹാർ തുറമുഖം.