തൃശൂർ: ചാലക്കുടിയിലെ വ്യാജ എൽ.എസ്.ഡി സ്റ്റാംപ് കേസിൽ തന്നെ കുടുക്കിയത് ആരാണെന്ന് അറിയണമെന്ന് ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി. ഷീല കേസിൽ കുടുങ്ങിയിട്ട് ഫെബ്രുവരി 27 ന് ഒരു വർഷം തികയുകയാണ്. മരുമകളുടെ സഹോദരിയുടെ സുഹൃത്തിനെ എക്സൈസ് ക്രൈംബ്രാഞ്ച് സംഭവത്തിൽ പ്രതി ചേർത്തിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിൽഎക്സൈസ് ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയെന്ന ബ്യൂട്ടിപാർലർ ഉടമയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി അവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ സ്റ്റാംപ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസം. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവിൽ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തി. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷീല സണ്ണി വീണ്ടും ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുകയാണ്.