തൃശ്ശൂർ : ചാലക്കുടി ലോക്സഭാമണ്ഡലത്തില്‍ സി.പി.എം. ഇക്കുറി മാറ്റിപ്പരീക്ഷണം നടത്തുന്നു. സാധാരണമായി തൃശ്ശൂർ ജില്ലയില്‍നിന്നുള്ള വ്യക്തിയെയാണ് ഇവിടേക്ക് പാർട്ടി പരിഗണിച്ചിരുന്നത്.എന്നാല്‍, ഇത്തവണ ഇത് എറണാകുളം ജില്ലയില്‍നിന്ന് കണ്ടെത്താനാണ് തീരുമാനം.ചാലക്കുടിയില്‍ പാർട്ടി പരിഗണിച്ചത് മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെയായിരുന്നു. ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും രവീന്ദ്രനാഥ് താത്പര്യമില്ലെന്നറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഒഴിവാകുകയാണെന്നാണ് പാർട്ടിയെ അറിയിച്ചത്.
അതോടെ, ചാലക്കുടി മണ്ഡലത്തിലേക്ക് സ്ഥാനാർഥിയെ കണ്ടെത്തി വിവരം കൈമാറാൻ തൃശ്ശൂർ ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ നിർദേശങ്ങള്‍ സംസ്ഥാനഘടകത്തിന് സ്വീകാര്യമായില്ല. തുടർന്നാണ് സ്ഥാനാർഥിയെ കണ്ടെത്താൻ എറണാകുളം ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. 2004-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷമാണ് മുകുന്ദപുരം മണ്ഡലം, ചാലക്കുടി മണ്ഡലമായി രൂപപ്പെട്ടത്. 2009-ലെ മത്സരത്തില്‍ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2014-ല്‍ ഇന്നസെന്റ് മണ്ഡലം കോണ്‍ഗ്രസില്‍നിന്ന് തിരികെ പിടിച്ചെങ്കിലും 2019-ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ തോറ്റു. കോണ്‍ഗ്രസിലെ ബെന്നി ബഹനാനാണ് വിജയിച്ചത്.