ഒറ്റപ്പാലം :ചാനൽചർച്ചയ്ക്കിടെ വ്യക്തിപരമായും കുടുംബത്തിനെതിരെയും അപകീർത്തികരമായ പരാമർശം നടത്തിയെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷിന്റെ പരാതിയിൽ അഡ്വ. എസ് ജയശങ്കർ ഒറ്റപ്പാലം കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. രണ്ട് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായിരുന്നില്ല. വാറന്റ് ആകുന്ന സാഹചര്യത്തിലാണ് ഹാജരായത്. 2019 ഡിസംബർ ആറിന് ചാനൽചർച്ചയിലാണ് എം ബി രാജേഷ്, ഭാര്യാസഹോദരൻ നിതിൻ കണിച്ചേരി, ഡിവൈഎഫ് ഐ പ്രവർത്തകർ എന്നിവർക്കെതിരെ ജയശങ്കർ വിവാദ പരാമർശം നടത്തിയത്.
ഹൈദ്രാബാദിൽ നടന്ന പൊലീസ് ഏറ്റുമുട്ടലിൽ നാലുപേരെ കൊന്നത് സംബന്ധിച്ച ചർച്ചയിലാണ് വിഷയം വഴിതിരിച്ചുവിടാൻ അപകീർത്തി പരാമർശം. വാളയാർ കേസിലെ പ്രതികളെ രാജേഷും നിതിൻ കണിച്ചേരിയും ചേർന്ന് രക്ഷപ്പെടുത്തുകയുമായിരുന്നുവെന്നാണ് ആരോപിച്ചത്. അറിഞ്ഞുകൊണ്ടാണ് ഈ പരമാർശം നടത്തുന്നതെന്നും ജയശങ്കർ പറഞ്ഞു. ഇതിനെതിരെയാണ് രാജേഷ് ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
രാജേഷിനെ രണ്ട് തവണയും നിതിൻ കണിച്ചേരി, ചർച്ച കണ്ട ബി ധരേഷ്, അജില സക്കറിയ എന്നിവരെയും വീഡിയോ കോൺഫറസിലൂടെ അവതാരകൻ വിനു വി ജോണിനെയും കോടതി വിചാരണ ചെയ്തു. പ്രാഥമികവാദം കേട്ട് കേസ് നിലനിൽക്കുമെന്ന് കണ്ട് കോടതി സമൻസ് അയക്കുകയായിരുന്നു. തുടർവിചാരണയ്ക്കായി കേസ് നവംബർ അഞ്ചിലേക്ക് മാറ്റി. എം ബി രാജേഷിനുവേണ്ടി അഡ്വ. കെ ഹരിദാസ് ഹാജരായി.
ചാനൽ ചർച്ചയിൽ എം.ബി രാജേഷിനെതിരെ അധിക്ഷേപ പരാമർശനം; അഡ്വ.ജയശങ്കർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു
Advertisements