കോട്ടയം: പുതുപ്പള്ളി ഹൈസ്കൂള്‍ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ ക്രിക്കറ്റ് മാച്ച് നടന്നു. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. ഹൈസ്കൂള്‍ മൈതാനത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ജില്ലാപഞ്ചായത്ത് അധികൃതർക്ക് നിവേദനം നല്‍കിയിരുന്നു.
മൈതാനം സംരക്ഷിക്കാൻ നടപടിയെടുത്തില്ലെങ്കില്‍ മൈതാനം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് നിവേദനത്തില്‍ പറയുന്നു. ജില്ലാപഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള തർക്കം മൂലമാണ് മൈതാനം ഇങ്ങനെ കിടക്കാൻ കാരണമെന്നും തന്റെ മണ്ഡലത്തിലെ പല വികസന പ്രവർത്തനങ്ങളും നടക്കാത്തത് ഇതുപോലുള്ള പ്രശ്നങ്ങള്‍ കൊണ്ടാണെന്നും എംഎല്‍എ പറഞ്ഞു.