ചങ്ങനാശേരി: ജോലിക്കായി കാനഡയിലേക്ക് പോകാൻ വിമാനടിക്കറ്റിനായി വീട്ടമ്മ കരുതിവച്ച രണ്ടര ലക്ഷം രൂപ വീട്ടില്‍നിന്നും കള്ളൻ കൊണ്ടുപോയി.പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സർട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കടമാഞ്ചിറ ക്രൈസ്റ്റ് നഗർ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പില്‍ ജോസി വർഗീസിന്റെ വീട്ടില്‍ ഇന്നലെ പുലർച്ചെയാണു സംഭവം. വിദേശ ജോലി എന്ന ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നമാണ് കള്ളൻ കവർന്നത്.
ജോസിയുടെ ഭാര്യ സൗമ്യ നഴ്സിങ് ജോലിക്കായി കാനഡയിലേക്കു പോകാനിരിക്കുകയാണ്. ഇതിനുള്ള വിസ വരെ അടിച്ചു വന്നു. വിമാന ടിക്കറ്റിനും മറ്റു ചെലവുകള്‍ക്കുമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന രൂപയാണു കവർന്നത്. പണത്തിന് ഒപ്പമുണ്ടായിരുന്ന ഒന്നരപ്പവൻ സ്വർണവും കള്ളൻ കൊണ്ടു പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപത്തെ നാലു വീടുകളിലും മോഷണശ്രമമുണ്ടായി. ഒരു വീട്ടിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷ്ടിച്ചു. വീട്ടുകാർ ഉണർന്നപ്പോള്‍ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. സൗമ്യയും പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു മക്കളും മാത്രമാണു സംഭവം നടക്കുമ്ബോള്‍ വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിന്നിലെ വാതില്‍ ആയുധം ഉപയോഗിച്ചു തകർത്താണു മോഷ്ടാക്കള്‍ കയറിയതെന്നു പൊലീസ് പറഞ്ഞു. ജോലിക്കു ശേഷം ഭർത്താവ് ജോസി രാവിലെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും വിളിച്ചുണർത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്. കഴിഞ്ഞ ദിവസമാണു സൗമ്യയ്ക്കു വീസ ലഭിച്ചത്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മുഖംമറച്ച രണ്ടുപേരുടെ ദൃശ്യങ്ങള്‍ പുലർച്ചെ 2നു ശേഷം പതിഞ്ഞതായി പൊലീസ് പറയുന്നു.