ചണ്ഡിഗഢ്: ചണ്ഡിഗഢ് സർവകലാശാല നഗ്‌ന വീഡിയോ വിവാദത്തിൽ വഴിത്തിരിവായി സൈനികന്റെ അറസ്റ്റ്. കേസിൽ അറസ്റ്റിലായ പെൺകുട്ടിയെ കൂടുതൽ ദൃശ്യങ്ങൾക്കായി ഭീഷണിപ്പെടുത്തിയ ജമ്മു സ്വദേശിയായ സഞ്ജീവ് സിംഗിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അരുണാചലിലെ സേല പാസിൽ സേവനമനുഷ്ഠിക്കുന്ന ഇയാളെ സൈന്യത്തിന്റെയും അരുണാചൽ പൊലീസിന്റെയും സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണിൽ നിന്ന് പെൺകുട്ടിയോട് വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെടുന്ന ചാറ്റ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി പഞ്ചാബ് പൊലീസ് ചീഫ് അറിയിച്ചു. ഫോൺ ഉടനെ തന്നെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
വിദ്യാർത്ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിപ്പിച്ചെന്ന കേസിൽ സർവകലാശാലയിലെ തന്നെ വിദ്യാർത്ഥിനിയും രണ്ട് സുഹൃത്തുകളും നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഇവർ രണ്ട് പേരും കൂടുതൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. മൂന്ന് പ്രതികളെയും ഏഴ് ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വകാര്യ ദൃശ്യങ്ങൾ മാത്രമാണ് പങ്കുവെച്ചതെന്ന് പൊലീസിന് മൊഴി നൽകിയെങ്കിലും പെൺകുട്ടിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിൽ നിന്ന് മറ്റൊരു വിദ്യാർത്ഥിനിയുടെ വീഡിയോ കൂടി കണ്ടെടുത്തതായി പ്രതിഭാഗം അഭിഭാഷകൻ നേരത്തെ അറിയിച്ചത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. വിഷയത്തിൽ പ്രത്യേക അന്വേഷണത്തിനായി മൂന്നംഗ വനിത പാനലിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചിട്ടുണ്ട്.