കോട്ടയം: നാട്ടുകാർ കോൺക്രീറ്റ് ചെയ്ത നടപ്പാത റിട്ട.പൊലീസ് ഉദ്യോഗസ്ഥനും ബന്ധുവും ചേർന്ന് രാത്രിയിൽ കുത്തിപ്പൊളിച്ചതായി പരാതി. സംഭവം കണ്ട് തടയാൻ എത്തിയ സ്ത്രീകളെ അടക്കം പൊലീസ് ഉദ്യോഗസ്ഥനും ബന്ധുവും ചേർന്ന് ആക്രമിച്ചതായും പരാതിയുണ്ട്. ചാന്നാനിക്കാട് ഭാഗത്ത് താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിയായ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ വേണുഗോപാലപിള്ള, ചാന്നാനിക്കാട് വായനശാല സ്വദേശി മണിക്കുട്ടൻ എന്നിവരെയാണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രദേശവാസികളായ ചാന്നാനിക്കാട് വല്യേത്തിൽ കുഞ്ഞൂഞ്ഞമ്മ മോസസ് (74), ഇവരുടെ ബന്ധു എൽസമ്മ (20) എന്നിവരെ കയ്യേറ്റം ചെയ്തതായാണ് പരാതി.
പനച്ചിക്കാട് പഞ്ചായത്തിലെ കണ്ണംകുളം – കണിയാംമല റോഡിൽ നിന്നും കുന്നുംതടം ഭാഗത്തേയ്ക്കു പോകുന്ന നടപ്പാതയാണ് കഴിഞ്ഞ ദിവസം നാട്ടുകാർ ചേർന്ന് പകൽ സമയത്ത് കോൺക്രീറ്റ് ചെയ്തത്. നടപ്പാതയുടെ സമീപത്തെ സ്ഥലം ഉടയും നാട്ടുകാരും തമ്മിൽ വർഷങ്ങളായി കേസ് നിലവിലുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാർ ചേർന്ന് നടപ്പാതയിലേയ്ക്ക് ഇറങ്ങുന്ന ചരിവുള്ള ഭാഗം കോൺക്രീറ്റ് ചെയ്തു. ഇതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. വേണുഗോപാലപിള്ളയും ബന്ധുവും ചേർന്ന് ഈ നടപ്പാത രാത്രിയിൽ കുത്തിപ്പൊളിച്ചു. ഇതോടെയാണ് നാട്ടുകാർ ചോദ്യം ചെയ്യുകയും ഇവർ നാട്ടുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്തതെന്നാണ് പരാതി. രണ്ട് കൂട്ടരെയും ചിങ്ങവനം പൊലീസ് ഇന്ന് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചിട്ടുണ്ട്.