ഡൽഹി : കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാർ ധാം യാത്ര നിര്‍ത്തിവെച്ചു. 24 മണിക്കൂർ നേരത്തേക്കാണ് യാത്ര നിർത്തിവെച്ചത്. ഉത്തരാഖണ്ഡിൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
മണ്ണിടിച്ചിലുകളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ചാര്‍ധാം യാത്രയിലെ പ്രധാന പാതകൾക്ക് ഭീഷണിയായതിനാൽ ബദരീനാഥ്, കേദാർനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ നാല് ക്ഷേത്രങ്ങളിലേക്കുള്ള എല്ലാ യാത്രകളും നിർത്തിവെക്കുകയായിരുന്നു. ബദരീനാഥിലേക്കും കേദാർനാഥിലേക്കും പോകുന്ന തീർത്ഥാടകരെ ശ്രീനഗറിലും രുദ്രപ്രയാഗിലും തടഞ്ഞതായി ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ അറിയിച്ചു. യമുനോത്രിയിലേക്കും ഗംഗോത്രിയിലേക്കും പോകുന്നവര്‍ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ വികാസ്നഗറിലും ബാർകോട്ടിലും തടഞ്ഞു. ക്ഷേത്രങ്ങളിലെത്തിയ ഭക്തരെ ഇതിനകം തന്നെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിശക്തമായ മഴ കാരണം മേഖലയിലുടനീളമുള്ള ഗതാഗതം സ്തംഭിച്ചു. കേദാർനാഥിലേയ്ക്ക് പോകുന്ന തീർത്ഥാടകരുടെ പ്രധാന പ്രവേശന കേന്ദ്രമായ നന്ദപ്രയാഗിനും ഭനേരോപാനിക്കും സമീപം മണ്ണിടിച്ചിലുണ്ടായതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, രുദ്രപ്രയാഗിൽ തുടർച്ചയായ മണ്ണിടിച്ചിലുകൾ സോൻപ്രയാഗ്-മുങ്കടിയ റോഡിലൂടെയുള്ള ഗതാഗതത്തിലും തടസങ്ങള്‍ സൃഷ്ടിച്ചു. സോൻപ്രയാഗിലും ഗൗരികുണ്ഡിലും ഗതാഗതം താൽക്കാലികമായി നിർത്തിവച്ചതിനാൽ റൂട്ടുകൾ ഭാഗികമായി പ്രവര്‍ത്തനസജ്ജമാക്കാൻ സാധിച്ചെങ്കിലും കാലാവസ്ഥാ വ്യതിയാനം കാരണം പരിമിതമായ ഗതാഗതം മാത്രമേ അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശും അതീവ ജാഗ്രതയിലാണ്. ബിലാസ്പൂർ, ചമ്പ, കാംഗ്ര, മാണ്ഡി, ഷിംല തുടങ്ങിയ ജില്ലകളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതായി സംസ്ഥാന ഹൈഡ്രോമെറ്റ് ഡിവിഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മാണ്ഡിയിലെ പാണ്ടോ അണക്കെട്ടിലെ അഞ്ച് ഗേറ്റുകളും തുറക്കേണ്ടി വന്നു. അതീവ ജാഗ്രത പാലിക്കാൻ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.