പാലക്കാട് ആലത്തൂർ സിവിൽ സ്റ്റേഷന് സമീപം 10 വർഷമായി പ്രവർത്തിക്കുന്ന മദർ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ മറവിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തി.സ്ഥാപനത്തിന്റെ ചെയർമാൻ ജഹാംഗീറിനെ(56) ചേർത്തല കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തു.കുത്തിയതോട് പറയകാട് എ കെ ജി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടിൽ ഓട്ടിസം ബാധിച്ച യുവതിയുടെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ചാരിറ്റി സ്ഥാപനത്തിലെ തട്ടിപ്പ് കണ്ടെത്തിയത്.സ്ഥാപനത്തിൻ്റെ പേരിൽ പിരിവിന് എന്ന വ്യാജേന എത്തിയ യുവാവാണ് മാല അപഹരിച്ചത്.തുടർന്ന് ട്രസ്റ്റിന്റെ ആലത്തൂരിലുള്ള ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രേഖകളില്ലാതെ ഒരേ നമ്പരിലുള്ള ഒന്നിലധികം റസീപ്റ്റ് ബുക്കുകൾ അച്ചടിച്ച് വിതരണം ചെയ്ത് അനധികൃതമായി തുക സമാഹരിച്ചതായി കണ്ടെത്തി.പിരിവ് നടത്തുന്നവരിൽ അധികവും അന്യ സംസ്ഥാനക്കാരായിരുന്നു.മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെയും കുത്തിയതോട് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.സംസ്ഥാനം വിട്ട പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.