ചായം പദ്ധതിയില്‍ മുഖം മിനുക്കി പത്തനംതിട്ടയിലെ അങ്കണവാടികള്‍; സംഗീതം ആസ്വദിക്കാന്‍ മ്യൂസിക് സിസ്റ്റവും ടെലിവിഷനും; കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അങ്കണവാടികള്‍ക്ക് സുപ്രധാന പങ്കെന്ന് അങ്കണവാടി സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അങ്കണവാടികള്‍ക്ക് സുപ്രധാന പങ്കുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഖം മിനുക്കിയ പത്തനംതിട്ട നഗരസഭയിലെ 92 -ാം നമ്പര്‍ അങ്കണവാടി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സമൂഹവുമായുള്ള സംവദനം ആവശ്യമാണ്. തുടര്‍ച്ചയായ അടച്ചിടല്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും.

Advertisements

മാതാപിതാക്കളുടെ ശക്തമായ ആവശ്യമായിരുന്നു അങ്കണവാടികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷമാണ് അങ്കണവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും അങ്കണവാടികള്‍ പ്രവര്‍ത്തിക്കുകയെന്നും വനിതാ ശിശുവികസന വകുപ്പ് കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യവകുപ്പിന്റെ മോണിട്ടറിംഗ് അങ്കണവാടികള്‍ കേന്ദ്രീകരിച്ചുണ്ടാകും. മാതാപിതാക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ കോവിഡ് കാരണം കുട്ടികളെ വിടാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്കുള്ള ആഹാരം വീടുകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപയാണ് അങ്കണവാടിക്കായി അനുവദിച്ചത്. ബുദ്ധിവികാസത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി കളിപ്പാട്ടങ്ങള്‍, അക്ഷരങ്ങള്‍, ജ്യാമിതീയ രൂപങ്ങള്‍ തുടങ്ങിയവയും ചിത്രങ്ങളും ചിത്രങ്ങള്‍ വരയ്ക്കാനും എഴുതിത്തുടങ്ങാനുമുള്ള പ്രത്യേക ഇടം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് സംഗീതം ആസ്വദിക്കുന്നതിനുള്ള മ്യൂസിക് സിസ്റ്റവും ടെലിവിഷനും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ഫര്‍ണിച്ചര്‍, ഔട്ട്‌ഡോര്‍-ഇന്‍ഡോര്‍ കളി ഉപകരണങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ എ. അഷ്റഫ്, അങ്കണവാടി വര്‍ക്കര്‍ എം.ഡി. ബിന്ദു, ഹെല്‍പ്പര്‍ വി. സുമംഗല, വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Hot Topics

Related Articles