തിരുവനന്തപുരം: പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിയ ഇറിഗേഷൻ ചീഫ് എൻജിനയർ ശ്യാംഗോപാലിനെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി കൈയേറ്റം ചെയ്തെന്ന പരാതിയില്‍ ഉടൻ നടപടിയുണ്ടാവില്ല.പരാതി ജലവിഭവ പ്രിൻസിപ്പല്‍ സെക്രട്ടറി അശോക്കുമാർ സിംഗിന്റെ കൈവശമാണിപ്പോള്‍. മന്ത്രി ബുധനാഴ്ചയേ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തൂ. അപ്പോഴേ പരാതി അദ്ദേഹത്തിന് കൈമാറൂ. സംഭവം നടന്ന വ്യാഴാഴ്ച തന്നെ ശ്യാംഗോപാല്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ബി.ഗോപകുമാരൻ നായർക്കും പരാതി നല്‍കിയിരുന്നു.
ആലപ്പുഴയില്‍ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് 21ന് മന്ത്രി റോഷിയുടെ അദ്ധ്യക്ഷതയില്‍ ചേംബറില്‍ നടന്ന യോഗത്തില്‍ ശ്യാംഗോപാല്‍ നടത്തിയ പരാമർശങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. കനാലിലെ വേലിയേറ്റ ജലപ്രതലത്തില്‍ നിന്ന് മൂന്നു മീറ്റർ ഉയരത്തില്‍ നിർമ്മാണം നടത്തനാണ് മന്ത്രിയും പി.പി.ചിത്തരഞ്ജൻ എം.എല്‍.എയും നിർദ്ദേശിച്ചത്. എന്നാല്‍, പ്രളയശേഷം നിർമ്മിക്കുന്ന പാലങ്ങള്‍ക്ക് അഞ്ചുമീറ്റർ ഉയരം വേണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മറികടക്കാനാകില്ലെന്ന് ശ്യാംഗോപാല്‍ നിലപാടെടുത്തു. മന്ത്രിയുടെ നിർദേശപ്രകാരം എന്ന് രേഖപ്പെടുത്തിയാല്‍ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി അടക്കമുള്ളവർക്ക് ഇത് സ്വീകാര്യമായില്ല. ജലവിഭവ പ്രിൻസിപ്പല്‍ സെക്രട്ടറി അശോക് കുമാർ സിംഗ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തില്‍ ചീഫ് എൻജിനീയർ മന്ത്രിയെ ധിക്കരിച്ചെന്ന വാദവും ഉയർന്നു. ഇതാണ് സെക്രട്ടേറിയറ്റിലെ കൈയാങ്കളിക്ക് കാരണമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്യാംഗോപാലിനെ അനുകൂലിച്ച് ഉദ്യോഗസ്ഥരുടെ വാട്സ് ഗ്രൂപ്പില്‍ പോസ്റ്റിട്ട ഇൻലാൻഡ് നാവിഗേഷൻ സെക്ഷൻ – 1ലെ എം.മനീഷിനെ മൂന്നാറിലെ ഇറിഗേഷൻ സെക്ഷനിലേക്ക് സ്ഥലംമാറ്റി. എന്നാല്‍, പൊതുസ്ഥലംമാറ്റമാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം.