വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് സ്കന്ദപുരാണ തത്ത്വസമീക്ഷാ സത്രത്തിന് തുടക്കമായി. കലഞ്ഞൂർ ബാബുരാജ് മുഖ്യ സത്രാചാര്യനായ യജ്ഞത്തിൽ കുടവട്ടൂർ ഉണ്ണികൃഷ്ണൻ, മുരുകൻ എന്നിവർ യജ്ഞ പൗരാണികരും ക്ഷേത്രം തന്ത്രി രൂപേഷ് ശാന്തികൾ യജ്ഞ ഹോതാവുമാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശിവനാരായണ തീർഥ സ്വാമികളുടെ ആശിർവാദത്താൽ നടത്തപ്പെടുന്ന യജ്ഞത്തിൽ ക്ഷേത്രമേൽശാന്തി രൂപേഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ നിന്നും ആരംഭച്ച വിളംബര ഘോഷയാത്ര വിവിധ കേന്ദ്രങ്ങളിലൂടെ ചെമ്മനത്തുകരക്ഷേത്രത്തിൽ എത്തി. ദീപാരാധനയ്ക്ക് ശേഷം വൈക്കംഎസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് ബിനേഷ് പ്ലാത്താനത്ത് ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് വി.വി. വേണുഗോപാൽ ഗ്രന്ഥസമർപ്പണം നടത്തി. തുടർന്ന് ധാന്യ സമർപ്പണം നടത്തി.
ഇന്ന് വൈകുന്നേരം 7.15ന് സ്കന്ദപുരാണ തത്ത്വസമീക്ഷ. 23ന് രാവിലെ ഒൻപതിന് കളഭാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, 24ന് ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്, 25ന് രാവിലെ 10ന് വിവാഹഘോഷയാത്ര,ദേവസേനാ വിവാഹം.26ന് വൈകുന്നേരം അഞ്ചിന് വിദ്യാസരസ്വതി, വിദ്യാഗോപാല ഹയഗ്രീവ ഗോപാല മന്ത്രസമൂഹാർച്ചന. 27ന് യജ്ഞം സമാപിക്കും. രാവിലെ ഒൻപതിന് സുബ്രഹ്മണ്യ ശ്രീ ശതീഹവനം. 10ന് ആറാട്ടിന് പുറപ്പാട്. 10.30ന് ആറാട്ട്.12ന് ആചാര്യ ദക്ഷിണ. ഉച്ചയ്ക്ക് ഒന്നിന് അമൃത ഭോജനം. ദേവസ്വം പ്രസിഡൻ്റ് വി.വി. വേണുഗോപാൽ, വൈസ് പ്രസിഡൻ്റ് നിധീഷ് പ്രകാശ്, സെക്രട്ടറി ടി.ആർ.രമേശൻ തുടങ്ങിയവർ നേതൃത്വം നൽകും.