കാഠ്മണ്ഡു : ചൈനയുടെ കടക്കെണിയിൽ വീണ് ചക്രശ്വാസം വലിക്കുന്ന ശ്രീലങ്കയുടെ അവസ്ഥ പാഠമാക്കി ഏഷ്യൻ രാജ്യം. ചൈനയുമായുള്ള ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് (ബിആർഐ) കീഴിലുള്ള പദ്ധതികൾ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് നേപ്പാൾ ഇപ്പോൾ. അഞ്ച് വർഷം മുമ്പ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരമുള്ള ജോലികൾ ആരംഭിക്കാൻ വൈകുന്നതിന് പിന്നാലെയാണ് പദ്ധതികൾ മിക്കതും ഉപേക്ഷിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് 19 കാരണമാണ് പദ്ധതികൾ തുടങ്ങാൻ താമസിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. മുൻപ് തിരഞ്ഞെടുത്ത പദ്ധതികൾ 35 ൽ നിന്ന് ഒമ്പതാക്കി ചുരുക്കിയെന്ന് ഒലി ക്യാബിനറ്റിൽ വദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച പ്രദീപ് ഗ്യാവാലി പറഞ്ഞു. എന്നാൽ ചൈനീസ് വായ്പാ കെണിയിൽ വീഴാതിരിക്കാനാണ് നേപ്പാൾ മുൻകരുതലെടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പലിശ നിരക്കുകൾ കുറവും തിരിച്ചടവ് കാലയളവ് ദൈർഘ്യമേറിയതുമായ ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയ ഏജൻസികളിൽ നിന്നും വായ്പ എടുക്കുന്നതാണ് നേപ്പാളിന് ഉചിതമെന്ന് ത്രിഭുവൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ മൃഗേന്ദ്ര ബഹാദൂർ കർക്കി അഭിപ്രായപ്പെടുന്നു. നേപ്പാളിന് ഉയർന്ന പലിശ നിരക്കിൽ വാണിജ്യ വായ്പകൾ താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഒലി ഭരണകൂടം മാറി പുതിയ സർക്കാർ ഭരണം ഏറ്റെടുത്തതോടെ ചൈനയുമായുള്ള ബന്ധം ഊഷ്മളമല്ല. വീണ്ടും ഇന്ത്യയുമായി നേപ്പാളിലെ ദ്യൂബ സർക്കാർ അടുക്കുന്നതാണ് ഇതിന് കാരണം. അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നേപ്പാളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഇരു സർക്കാരും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിൽ എത്തിയതോടെ നേപ്പാളിൽ അടുത്ത തിരഞ്ഞെടുപ്പ് വരെയെങ്കിലും ചൈനയുടെ മോഹങ്ങൾ പൂവണിയില്ലെന്ന് ഉറപ്പാണ്.