പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്. കേസിൽ ഏകദൃക്സാക്ഷിയായ സുധീഷിന്റെ മൊഴിയാണ് നിർണായകമായത്. 132 സാക്ഷികളും 30 ലധികം ശാസ്ത്രീയ തെളിവുകളുമാണുള്ളത്. ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് കണ്ടതായാണ് ദൃക്സാക്ഷി മൊഴി നൽകിയിരിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളിൽ നിന്ന് മരിച്ചവരുടെ ഡിഎൻഎയും കണ്ടെത്തിയിട്ടുണ്ട്. കൊടുവാളിന്റെ പിടിയിൽ നിന്നും പ്രതി ചെന്താമരയുടെ ഡിഎൻഎയും കണ്ടെടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കൂടാതെ ചെന്താമരയുടെ വസ്ത്രത്തിൽ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെത്തിയിരുന്നു. പ്രതിയുടെ കുടുംബം തകർത്തതിലുള്ള പകയാണ് കൊലയ്ക്ക് കാരണം. സുധാകരനെ കൊലപ്പെടുത്താനാണ് പ്രതി പദ്ധതിയിട്ടത്. അമ്മ ലക്ഷ്മി ബഹളം വെച്ചപ്പോൾ അവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്. പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്. സാക്ഷികളുടെ ഗൂഗിൾ ടൈം ലൈൻ ഉൾപ്പെടെ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. പ്രതി മാനസിക രോഗിയല്ലെന്ന് തെളിയിക്കുന്ന രേഖകളും കുറ്റപത്രത്തിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.
ഇരട്ടക്കൊലപാതകം നടത്തിയതിന് ശേഷം പോത്തുണ്ടി മലയിൽ ഒളിച്ചിരുന്ന പ്രതി രാത്രി വിശപ്പ് സഹിക്കാനാവാതെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് പൊലീസ് പിടിയിലായത്. ഈ പ്രദേശത്ത് രാത്രി ഏറെ നേരം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ നിന്നും പൊലീസ് പിൻവാങ്ങിയെന്ന പ്രതീതിയുണ്ടാക്കിയ ശേഷം തന്ത്രപരമായാണ് ചെന്താമരയെ പിടികൂടിയത്.
എല്ലാവരും തിരച്ചിൽ നിർത്തിയെന്ന് കരുതി വീട്ടിലേക്കുള്ള വഴിയിൽ നടന്നുവന്ന പ്രതിയെ മഫ്തിയിലായിരുന്ന പൊലീസുകാർ പിടികൂടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്‍റെ പിടിയിലായ സമയത്തും കൊലപാതകത്തില്‍ ഒട്ടും കുറ്റബോധമില്ലാത്ത രീതിയിലായിരുന്നു ചെന്താമരയും വാക്കും പ്രവര്‍ത്തികളും.