ചെന്നൈ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഡി ഗുകേഷിന് ഇന്ത്യയില്‍ സ്വീകരണം. തമിഴ്നാട് കായിക വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഗുകേഷിന് വലിയ വരവേല്‍പ് ഒരുക്കിയത്. കായിക വകുപ്പ് സെക്രട്ടറി അടക്കമുള്ളവരാണ് ഗുകേഷിനെ സ്വീകരിച്ചത്. വിജയത്തില്‍ വലിയ സന്തോഷമെന്നും പിന്തുണയ്ക്ക് വലിയ നന്ദിയെന്നുമാണ് ഗുകേഷ് വിമാനത്താവളത്തില്‍ മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്.
വിമാനത്താവളത്തില്‍ നിന്ന് താൻ പഠിച്ച വേലമ്മാള്‍ സ്കൂളിലേക്കാണ് ഗുകേഷ് പോയത്. ചെസ് ബോർഡിന്റെ രൂപത്തിലുള്ള വാഹനത്തിലാണ് ഗുകേഷിന് യാത്ര ഒരുക്കിയിട്ടുള്ളത്. നാളെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗുകേഷിന് അഞ്ച് കോടി രൂപയാണ് സമ്മാനിക്കുക. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പില്‍ ക്ലാസിക്കല്‍ ഫോര്‍മാറ്റിലെ അവസാന മത്സരത്തില്‍ ഗുകേഷ് വിജയകിരീടം ചൂടിയത്. ഇന്ത്യയിലെ രണ്ടാമത്തെ വിശ്വവിജയിയായ ഗുകേഷ്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനാണ്. രാജ്യത്തിനാകെ അഭിമാനിക്കാവുന്ന ഒരുപിടി റെക്കോര്‍ഡുകളോടെയാണ് സിങ്കപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് ഗുകേഷ് മടങ്ങിയെത്തിയിട്ടുള്ളത്. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനെയാണ് ഗുകേഷ് അട്ടിമറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമനിലയാകുമെന്ന് ഉറപ്പായ മത്സരത്തില്‍ അതിശയകരമായ നോക്കൗട്ട് പഞ്ച് ഇറക്കിയാണ് ഗുകേഷ് ലോക ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി മാറിയത്. അഞ്ച് തവണ വിശ്വവിജയി ആയ വിശ്വനാഥൻ ആനന്ദിന്റെ പിന്മുറക്കാരൻ ഗുകേഷിന്റെ ബാല്യകാല സ്വപ്നം കൂടിയാണ് അതിവേഗം സാക്ഷാത്കാരത്തിലേക്കെത്തിയിരിക്കുന്നത്. സിങ്കപ്പൂരില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പില്‍ 14ാമത്തെയും അവസാനത്തെയും മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷിന്റെ വിജയം. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍ നേടിയെന്ന കൗതുകവും ഗുകേഷിന്റെ വിജയത്തിനുണ്ട്. അവസാന മത്സരത്തില്‍ ഡിങ് ലിറനെ ഞെട്ടിച്ചായിരുന്നു ഗുകേഷിന്റെ ക്ലാസിക്കല്‍ മത്സര വിജയം. ആനന്ദിനു ശേഷം വിശ്വവിജയി ആകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.