ബെംഗളൂരു: വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹ ശേഷമുള്ള പാർട്ടിക്കിടെയാണ് സംഭവം. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ് കൊല്ലപ്പെട്ടത്.
സുഹൃത്ത് അഭിഷേക് കൊപ്പാടിന്‍റെ വിവാഹത്തെ തുടർന്ന് ഞായറാഴ്ച സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിനോദ്. അഭിഷേകിന്‍റെ ഫാം ഹൗസിലാണ് വിരുന്ന് നടന്നത്. ഭക്ഷണം വിളമ്പുകയായിരുന്ന വിതൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ കോഴിയിറച്ചി ആവശ്യപ്പെട്ടു. വിളമ്പിയത് കുറഞ്ഞു പോയെന്ന് വിനോദ് പറഞ്ഞതിനെ തുടർന്ന് തർക്കം തുടങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തർക്കം രൂക്ഷമായതിനെ തുടർന്ന് വിതൽ, ഉള്ളി അരിഞ്ഞു കൊണ്ടിരുന്ന കത്തി ഉപയോഗിച്ച് വിനോദിനെ കുത്തുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. രക്തസ്രാവത്തെ തുടർന്ന് വിനോദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.