കോഴി വില കുറഞ്ഞു ; ഉണർവ് നേടി മുട്ട വ്യാപാരം ; പഴങ്ങൾക്കും ആശ്വാസ വില

തിരുവനന്തപുരം : പച്ചക്കറി വിലക്കയറ്റത്തിനിടെ ആശ്വാസമായി കോഴിവില കുറയുന്നു. മണ്ഡലകാലം തുടങ്ങിയത് മുതലാണ് കോഴി വില താഴ്ന്ന് തുടങ്ങിയത്.ഒരാഴ്ച മുൻപ് ഒരു കിലോ എല്ലില്ലാത്ത ഇറച്ചിക്ക് 240 രൂപയായിരുന്നത് ഒറ്റയടിക്കാണ് 140-150 രൂപയിലെത്തിയത്.

Advertisements

മണ്ഡലകാല സമയത്ത് ഭൂരിഭാഗം സ്ത്രീകളും നോമ്പെടുക്കുന്നതിനാല്‍ വില ഇനിയും കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇറച്ചി വിഭവങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ കുറഞ്ഞതും വിലയിടിവിന് മറ്റൊരു കാരണമാണ്. എന്നാല്‍ വൃശ്ചികം പകുതിയാകുന്നതോടെ വില വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതിനിടെ കേരളത്തിലെ കോഴി വ്യാപാരികളെ കാര്‍ഷിക വിള പദ്ധതി ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇന്നലെയും ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൗള്‍ട്രി ഫെഡറേഷന്റെ ആവശ്യങ്ങള്‍

  1. കോഴി കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ബാങ്കുകള്‍ ലോണ്‍ ലഭ്യമാക്കണം
  2. കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ കൊണ്ടുവരണം
  3. മാലിന്യ സംസ്കരണത്തിന് പ്ലാന്റുകള്‍ സ്ഥാപിച്ചുനല്‍കണം
  4. 1000 കോഴി വരെ ലൈസന്‍സില്ലാതെ വളര്‍ത്താന്‍ അനുവദിക്കണം
  5. ലൈസന്‍സ് ക്രമീകരണം മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാക്കണം

കോഴി വില

ലൈവ് (ഹോള്‍സെയില്‍) ₹ 78-80

ലൈവ് (റീട്ടെയില്‍) ₹ 95-100

മീറ്റ് ₹ 140-150

കോഴി മുട്ട (ഒന്നിന്) ₹ 4.50 – 6

നാടന്‍ മുട്ട ₹ 8

താറാവ് മുട്ട ₹ 8-10

ബീഫ് ₹ 320-350

മട്ടണ്‍ ₹ 750-800

മുട്ട വില്പനയില്‍ ഉണര്‍വ്

മുട്ട വില്പനയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സ്കൂളുകള്‍ തുറന്നതോടെയാണ് മുട്ട വിഭവങ്ങള്‍ വീണ്ടും മെനുവില്‍ ഇടം പിടിച്ചത്. ഇത് കച്ചവടക്കാര്‍ക്കും ഗുണകരമായി. ജില്ലയില്‍ കൊവിഡിന് മുൻപ് കഞ്ഞിക്കുഴി, മാരാരിക്കുളം എന്നിവിടങ്ങളില്‍ നിന്ന് സ്ത്രീ സംരംഭകര്‍ ഉള്‍പ്പെടെ മുട്ട സ്കൂളുകളിലേക്ക് വിതരണം ചെയ്തിരുന്നു. ഇവരുടെ വരുമാനവും തിരികെ ലഭിച്ചുതുടങ്ങി.

പഴങ്ങള്‍ക്ക് ആശ്വാസ വില

പഴവര്‍ഗങ്ങള്‍ക്ക് വലിയ വിലവര്‍ദ്ധനവില്ല. ഏത്തയ്ക്ക 35-40, റോബസ്റ്റ 30, പൂവന്‍പഴം 40, ഞാലിപ്പൂവന്‍ 50 രൂപ എന്നിങ്ങനെയാണ് കിലോയ്ക്ക് വില. മണ്ഡല കാലത്ത് പഴങ്ങള്‍ക്ക് ചെലവ് കൂടുതലാണ്.

Hot Topics

Related Articles