ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഷിബു സോറനും ചംപൈ സോറനും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ ഗൂഢാലോചനയുടെ അന്ത്യം തുടങ്ങിയെന്ന് സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഹേമന്ത് സോറൻ പ്രതികരിച്ചിരുന്നു. ജനുവരി 31 ന് ഭൂമി കുംഭകോണകേസില്‍ ഇഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്‌ ചംപൈ സോറനെ മുഖ്യമന്ത്രിയാക്കിയത്.

Advertisements

കഴിഞ്ഞയാഴ്ച കേസില്‍ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ച്‌ പുറത്തിറങ്ങിയതിന് പിന്നാലെയാണ് സോറൻ മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത്. ഒക്ടോബറിലാണ് ജാർഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഭൂമി അഴിമതി കേസില്‍ ജനുവരി 31 ന് രാത്രിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലായിരുന്നു ഇഡി അറസ്റ്റ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി 20ന് സോറനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമൻസും അവഗണിച്ച ശേഷമാണ് 20ന് ഹാജരായത്. ചോദ്യം ചെയ്യലിനായി വീണ്ടും സോറനെ തെരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ദില്ലിയിലെ വസതിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒടുവില്‍ 8 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സോറൻ റാഞ്ചിയിലെ വസതിയിലെത്തിയത്. തുടർന്ന് ഇഡി കസ്റ്റഡിയിലായതിനു പിന്നാലെ സോറൻ രാജി സമർപ്പിക്കുകയായിരുന്നു. പിന്നാലെ ചംപായ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണപക്ഷത്തിന് 47 വോട്ടും പ്രതിപക്ഷത്തിന് 29 വോട്ടുമാണ് വിശ്വാസ വോട്ടെടുപ്പില്‍ നേടാനായത്. സര്‍ക്കാരിന് 41 വോട്ടായിരുന്നു ഭരണം നിലനിര്‍ത്താൻ വേണ്ടിയിരുന്നത്. രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സർക്കാരിന് ഇളക്കം തട്ടിയില്ല. ജാർഖണ്ഡ് ഹൈക്കോടതിയാണ് ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പക പോക്കലാണെന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ വാദം.

Hot Topics

Related Articles