കാസര്‍കോട് : കാസർകോട് കുണ്ടംകുഴിയിൽ പ്രസംഗത്തിനിടെ അനൗണ്‍സ്മെന്റ് വന്ന സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കുണ്ടംകുഴിയില്‍ പ്രസംഗിച്ചത്. പ്രസംഗം തീരുന്നതിന് മുൻപ് അനൗണ്‍സ്മെന്റ് വന്നപ്പോള്‍ ആ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. ഒരു തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളിങ്ങനെ വാര്‍ത്ത കൊടുത്തുവെന്നത് കൊണ്ട് നാളെ പറയാതിരിക്കില്ല. വല്ലാത്ത ചിത്രമുണ്ടാക്കാനാണ് ശ്രമമെന്നും എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അത്തരമൊരു ചിത്രമുണ്ടാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.