തിരുവനന്തപുരം: കൂട്ടുകാരികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കടക്കാരനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ പൊലീസ് മര്‍ദിച്ചതായി പരാതി. കഴക്കൂട്ടം ജംഗ്‌ഷനില്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ അഭിഷേകാണ് പോലീസ് മര്‍ദനത്തിന് ഇരയായത്.
മര്‍ദനത്തില്‍ പരിക്കേറ്റ അഭിഷേകിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചാക്ക ഐ ടി ഐയിലെ വിദ്യാര്‍ഥികളായ അഭിഷേകും സഹപാഠികളായ കൂട്ടുകാരികളും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കെ സമീപമുണ്ടായിരുന്ന കടയിലെ കച്ചവടക്കാരന്‍ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
ഇത് അഭിഷേക് ചോദ്യം ചെയ്‌തു. തുടര്‍ന്ന് കടക്കാരന്‍ പൊലീസിനെ വിളിച്ചു.കടക്കാരന്‍ വിളിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അഭിഷേകിനെ മര്‍ദിക്കുകയും തുടര്‍ന്ന് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പിന്നീടാണ് അഭിഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് ജീപ്പില്‍ കയറ്റുമ്പോഴും സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലും തന്റെ പുറത്തും മുഖത്തും അടിച്ചതായും അഭിഷേക് പറയുന്നു.