കോട്ടയം: കുമരകത്ത് നിന്നും ചൈല്‍ഡ് ലൈനും ജില്ലാ ശിശു സംരക്ഷണ ഓഫീസും സംയുക്തമായി ഏറ്റെടുത്ത രാജസ്ഥാന് ദമ്പതികളുടെ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ക്ക് കൈമാറിയില്ല. ഈ മാസം പത്താം തീയതിയാണ് കുമരകത്ത് നിന്നും കുഞ്ഞുങ്ങളെ ഏറ്റെടുത്തത്. രാജസ്ഥാനില്‍ നിന്നും മണ്‍പാത്ര വില്‍പ്പനയ്ക്കെത്തിയ കുടുംബത്തിലെ കുഞ്ഞുങ്ങള്‍ മണ്‍പാത്രം തലയില്‍ ചുമന്ന് വില്‍ക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കുമരകം പൊലീസ് സംഭവത്തില്‍ ഇടപെടുന്നത്. മൂന്ന് കുടുംബങ്ങളാണ് ചട്ടി വില്‍പ്പനയ്ക്കായി പ്രദേശത്ത് തമ്പടിച്ചിരുന്നത്. ഈ സംഘത്തിലുള്ള പത്തും പതിനൊന്നും വയസ് പ്രായമുള്ള ആണ്‍കുട്ടികളാണ് പൊരിവെയിലത്ത് പാത്രം തലയില്‍ ചുമന്ന് വില്‍പ്പനയ്ക്കിറങ്ങിയത്. ദാരുണമായ ബാല വേലയുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാമൂഹ്യപ്രവര്‍ത്തകനാണ് കുമരകം പൊലീസ് സ്റ്റേഷനില്‍ പരാതി അറിയിച്ചത്.
പൊലീസ് എത്തി സംഘത്തെ കസ്റ്റഡിയിലെടുത്ത ശേഷം, എട്ട് മാസം പ്രായമുള്ള കുഞ്ഞിനെയും സ്ത്രീയെയും മഹിളാമന്ദിരത്തിലേക്ക് അയച്ചു, ഇവരുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന പത്തും പതിനൊന്നും വയസുള്ള ആണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ സംരക്ഷണസ്ഥാപനത്തിലേക്കും അയച്ചു. ആണ്‍കുട്ടികള്‍ തങ്ങളുടെ സ്വന്തം മക്കളാണെന്ന് അറിയിച്ച ദമ്പതികളുടെ രേഖകല്‍ പരിശോധിച്ചതോടെയാണ് കുടുങ്ങിയത്. പിന്നീട് ഇവര്‍ കു്ട്ടികളുടെ ബന്ധുക്കളാണെന്ന് അധികൃതരെ അറിയിച്ചു. രേഖകള്‍ പരിശോധിച്ചതിന്റെയും കുഞ്ഞുങ്ങളോട് സംസാരിച്ചതിന്റെയും അടിസ്ഥാനത്തില്‍ ഇത് ഉറപ്പിക്കാനും കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട്, ഒരു കുട്ടിയുടെ രക്ഷകര്‍ത്താവ് രാജസ്ഥാനിലും മറ്റേയാളുടേത് പാലക്കാടാണെന്നും സംഘം അറിയിച്ചു. പിന്നീട് പതിമൂന്നാം തിയതി ബാക്കി രേഖകളുമായി സംഘം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഹാജരായി. ഈ രേഖകളിലുള്ള രാജസ്ഥാന് മേല്‍വിലാസം ശരിയാണോ എന്നറിയാന്‍ അവിടെയുള്ള ശിശുസംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് മറുപടിക്കായി കാത്തിരിക്കുകയാണ് കോട്ടയത്തെ അധികൃതര്‍. അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടികളിലേക്ക് കടക്കും.
നിലവില്‍ കോട്ടയം കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത് സംരക്ഷണയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ തന്നെയാണെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ നാടുതോറും നടന്ന് കച്ചവടം നടത്തുന്ന സംഘമായതിനാല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്താതെ കുട്ടികളെ വിട്ട് നല്‍കുന്നത് സുരക്ഷിതമല്ലെന്ന് ശിശുസംരക്ഷണ ഓഫീസര്‍ ജാഗ്രതാ ന്യൂസിനോട് പറഞ്ഞു.
(വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പ്രതീകാത്മക ചിത്രം)