മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുൽപറ്റ മംഗലൻ ഷഹാന ഷെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാനെയുമാണ് മഞ്ചേരി പൊലീസ് പിടികൂടിയത്. ചെന്നൈയിലെ ആണ്ടാൾ നഗർ ഗ്രാമത്തിൽ നിന്നാണ് ഇവർ പിടികൂടിയിലായത്. ആറു മാസം മുൻപാണ് ഇരുവരും താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്ന് പരിചയപ്പെട്ട് അടുപ്പത്തിലായത്.
രണ്ടുവീതം പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച് ഇരുവരും ബൈക്കിലാണ് നാടുവിട്ടത്. തുടർന്ന് രണ്ടുപേരുടെയും ബന്ധുക്കൾ ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു. ഇതോടെ വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവ് മടങ്ങിവന്ന് കുട്ടികളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. ഷഹാന ഷെറിന്റെ പിതാവിന്റെ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള പോസ്റ്റുകളും ചെയ്തിരുന്നു. ചെന്നൈയിലെ താമസ സ്ഥലത്ത് നിന്ന് 50 മുതൽ 80 കിലോമീറ്റർ അകലെയുള്ള വിവിധ ഷോപ്പിങ് മാളുകൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കറങ്ങുന്നതായി വിവരം ലഭിക്കത്തക്ക രീതിയിലായിരുന്നു ഈ പോസ്റ്റുകൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ യുവതി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മറ്റൊരു സുഹൃത്ത് വഴി പുതിയ ഫോണും സിമ്മും തരപ്പെടുത്തി. ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദിവസങ്ങളോളം തമിഴ്നാട്ടിലെ ചെന്നൈയിൽ താമസിച്ച് കമിതാക്കൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളുടെയും ഫോട്ടോകളുടെയും സ്ഥലം കണ്ടെത്തിയും സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു. പിന്നീട് ചെന്നൈയിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള ആവടി ജില്ലയിലെ വീരപുരം, ആണ്ടാൾനഗർ ഗ്രാമത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ എ ടി എമ്മിൽ നിന്നും ഒന്നിൽ കൂടുതൽ തവണ പണം പിൻവലിച്ചതായി കണ്ടെത്തുകയുണ്ടായി.
തുടർന്നാണ് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകൾ പരിശോധിച്ചതിൽ കമിതാക്കൾ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെത്തി. പിന്നാലെ ഇവർ ഒളിവിൽ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി ഇരുവരേയും പൊലീസ് പിടികൂടുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത കമിതാക്കൾക്കെതിരെ പോലീസ് ജുവനൈൽ ജസ്റ്റിസ് പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ എസ് ഐ ബഷീർ, എ എസ് ഐ കൃഷ്ണദാസ് പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ അനീഷ് ചാക്കോ, ദിനേഷ്, മുഹമ്മദ് സലീം. എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.