ബെയ്ജിങ്ങ് : ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ (സി.സി.പി) ഇരുപതാം ദേശീയ കോൺഗ്രസ് ഒക്ടോബർ 16-ന് ആരംഭിക്കും. ചൈനയുടെ സാമ്പത്തിക-രാഷ്ട്രീയ കരുത്ത് വർധിച്ചതോടെ, ഓരോ അഞ്ച് വർഷത്തെ ഇടവേളയിലും നടക്കുന്ന ഈ സമ്മേളനത്തിന്റെ പ്രാധാന്യവും ഉയർന്നിട്ടുണ്ട്. ഈ സമ്മേളനങ്ങളും അതിൽ ഓരോന്നിലും ജനറൽ സെക്രട്ടറിമാർ അവതരിപ്പിക്കുന്ന രാഷ്ട്രീയ റിപ്പോർട്ടും പുറം ലോകത്തിന് നൽകുന്നത് വിജയകരമായി പൂർത്തീകരിച്ച നാഴികക്കല്ലുകളെ കുറിച്ചുള്ള പാർട്ടിയുടെ കാഴ്ച്ചപ്പാടും ഭാവി ലക്ഷ്യങ്ങളുടെ ഒരു രൂപരേഖയുമാണ്. കൂടാതെ, ചൈനയ്ക്കകത്ത് തങ്ങളുടെ അധികാരത്തിന്റെ അളവ് തിട്ടപ്പെടുത്താനും, അതിനെതിരായി ഉയരുന്ന ബാഹ്യമായ വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നുമുള്ള പാർട്ടിയുടെ ഉൾക്കാഴ്ച്ചകളുടെ പ്രതിഫലനത്തിനുള്ള വേദി കൂടിയാണ് ഈ സമ്മേളനങ്ങൾ.
ചൈനയുടെ ആഭ്യന്തര കാഴ്ച്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തുകയാണെങ്കിൽ, ഈ ഇരുപതാം കോൺഗ്രസ് ഇതുവരെ കെട്ടിപ്പടുത്തിട്ടുള്ള മാതൃകകളുടെ ഉടച്ചുവാർക്കലാണെന്ന് പറയേണ്ടി വരും. കാരണം, നിലവിലെ ജനറൽ സെക്രട്ടറി ഷി ജിൻപിങ്ങിന് ഒരു മൂന്നാം ഊഴം ലഭിക്കാനാണ് സാധ്യത. പാർട്ടി ജനറൽ സെക്രട്ടറി, രാജ്യത്തിന്റെ പ്രസിഡന്റ് എന്നീ രണ്ടു പരമോന്നത പദവികളും ചൈനയിൽ പരസ്പരം കോർത്തിണങ്ങിയാണിരിക്കുന്നത്. ഈ രണ്ടു പദവികളും സാധാരണ ഗതിയിൽ വഹിക്കുന്നത് ഒരാളും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ട് തന്നെ, മാർച്ച് 2023-ൽ ഷീ, രാജ്യത്തിന്റെ പ്രസിഡന്റായി, ഇനിയുമൊരഞ്ചു വർഷത്തേക്ക് കൂടി അവരോധിക്കപ്പെടുമെന്നും ഏതാണ്ടുറപ്പാണ്. കാര്യമായ വെല്ലുവിളികളില്ലാതെ, ഇന്ന് പാർട്ടിയുടെ തലപ്പത്ത് അദ്ദേഹം സ്ഥാനമുറപ്പാക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതിലൂടെ ലോകത്തിന് ലഭിക്കുന്നത്. അഴിമതിക്കെതിരായുള്ള വേട്ടയുടെ കുരുക്കിൽ മുറുകുന്ന, ഉയർന്ന പാർട്ടി നേതാക്കളുടെയും, ഉദോഗസ്ഥരുടെയും ദുര:വസ്ഥ, ഇതിന്റെ സ്ഥിരീകരണമാണ്.
പാർട്ടിക്കകത്ത് തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇപ്പോൾ അവയെല്ലാം നന്നേ കുറഞ്ഞിരിക്കുന്നു – പാർട്ടിയുടെ മേൽക്കോയ്മയും, അതിൽ കാമ്പായ ഷീയും, ഇന്ന് ചോദ്യം ചെയ്യലുകൾക്കതീതരാണ്. മാവോയുടെ കാലത്തെ ഒരു പഴയ മുദ്രാവാക്യം, ഷീയുടെ ഈ പത്ത് വർഷത്തെ അധികാരകാലയളവിൽ പ്രസക്തമാണ് – ‘കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, പിന്നെ മധ്യ ഭാഗം, എല്ലാം പാർട്ടി നയിക്കുന്നു’.
ഇതിന്റെ പരിണാമങ്ങൾ, ചൈനയ്ക്കകത്ത് മാത്രമൊതുങ്ങുന്നതല്ല. രാജ്യത്തെ ഇടത്തരക്കാരുടെ രാഷ്ട്രീയ- സാമ്പത്തിക-സാമൂഹിക ജീവിതത്തിൽ നിറഞ്ഞ് നിൽക്കുന്നതിനോടൊപ്പം, രാജ്യാതിർത്തിക്കപ്പുറത്തേക്കു കൂടി തങ്ങളുടെ പ്രഭാവം വർധിപ്പിക്കാനാണ് ഇന്ന് സി.സി.പി ശ്രമിക്കുന്നത്.
പ്രധാന ശ്രദ്ധാകേന്ദ്രം രാജ്യത്തിന്റെ സാമ്പത്തിക സ്വാധീനമാണ് – വലിയ ഉൽപ്പാദന മേഖല, ലോകമെമ്പാടുമുള്ള അസംസ്‌കൃത വസ്തുക്കളോടുള്ള ആസക്തി, വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വലിയ നിക്ഷേപങ്ങൾ, എന്നിവയാണ് ഇതിലെ ചില പ്രസക്ത ഘടകങ്ങൾ. അതിനിടയിലാണ്, അടുത്ത കാലത്തായി ചൈനയുടെ സൈനിക വളർച്ചയും, പ്രാദേശികമായ അധികാരോന്നമനവും ഉത്കണ്ഠയുളവാക്കുന്നത്.
എന്നാൽ മറ്റൊരു രീതിയിൽ നോക്കികാണുമ്പോൾ, ഇത്തരത്തിലുള്ള പ്രവണത ഇവിടെ മാത്രം കണ്ടുവരുന്ന ഒന്നല്ല. മറ്റ് ഉയർന്ന് വരുന്ന രാജ്യശക്തികളും പണ്ട് കാലത്ത് പ്രാദേശികമായ വ്യാപ്തി ആഗ്രഹിച്ചിട്ടുണ്ട്. കൂടാതെ, പോയ കാലങ്ങളിൽ, പല അയൽ രാജ്യങ്ങളും ചൈനയുടെ ഇത്തരത്തിലുള്ള പെരുമാറ്റം അനുഭവിച്ചവരാണ്. സാമ്രാജ്യ കാലത്തിലെ മുൻഗാമികളിൽ നിന്നും, ആധുനിക ചൈനയെ മാറ്റി നിർത്തുന്ന വസ്തുതയിതാണ്.
ഇപ്പോൾ ഭരണം കൈയാളുന്ന പാർട്ടി-സ്റ്റേറ്റ്, സാമ്പത്തിക സമൃദ്ധിയും, സൈനിക പ്രാതാപവും കൈവരിച്ചു കൊണ്ട് രാജ്യത്തിന്റെ ചുറ്റുവട്ടത്ത് മാത്രം ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്നവരല്ല. മറിച്ച് സി.സി.പിയുടെ ആഭ്യന്തര നിയന്ത്രണശക്തിയും, വിദേശത്ത് നിന്നുള്ള ആനുകാലിക വെല്ലുവിളികളെ ചെറുക്കാനുള്ള കഴിവും ( ഉദാഹരണത്തിന്, മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ) ആശ്രയിചിരിക്കുന്നത് ലോകത്തിനുമേൽ രാഷ്ട്രീയ മേധാവിത്വം ആർജ്ജിക്കുന്നതിലൂടെയാണ്.
ശീത യുദ്ധത്തിന്റെ ആദ്യ കാലങ്ങളിൽ, താരതമ്യേന ദുർബല സാമ്പത്തിക ശക്തിയായിരിക്കുമ്പോൾ തന്നെ, അന്താരാഷ്ട്ര തലത്തിൽ ഗണ്യമായ ക്ഷതങ്ങളേൽപ്പിക്കാൻ കമ്മ്യുണിസ്റ്റ് ചൈനക്ക് സാധിച്ചുവെന്ന് നാം ഓർക്കേണ്ടതുണ്ട്. കൊറിയൻ യുദ്ധം, വിയറ്റ്‌നാം യുദ്ധം, ഇന്ത്യയുടെ വടക്കു-കിഴക്കൻ മേഖലയിൽ അനേകം സംഘർഷങ്ങൾക്കുള്ള പിന്തുണ, ഇതിനെല്ലാം പുറമെയാണ്, മനുഷ്യ നിർമ്മിതമായ ക്ഷാമങ്ങളിലൂടെ ലക്ഷങ്ങൾ മരണമടഞ്ഞ ‘ഗ്രേറ്റ് ലീപ് ഫോർവേഡും’, ഒരു ദശകത്തോളം രാഷ്ട്രീയ-സാമൂഹിക കോളിളക്കങ്ങൾ സൃഷ്ടിച്ച സാംസ്‌കാരിക വിപ്ലവവും.
ഡെങ് ഷിയാവോപിങ്ങിന് കീഴിൽ, സി.സി.പി ചൈനയ്ക്കകത്ത് തങ്ങളുടെ രാഷ്ട്രീയ പെരുമാറ്റവും, പുറം ലോകത്തോടുള്ള പ്രത്യയശാസ്ത്ര കുരിശുയുദ്ധങ്ങളും ഏറെക്കുറെ പക്വപ്പെടുത്തി പതുക്കെ സാമ്പത്തിക പ്രാപ്തിയാർജ്ജിക്കാനാണ് പ്രയത്‌നിച്ചത്. എന്നാൽ ഇതെല്ലാം സംഭവിക്കുമ്പോഴും, ചൈനീസ് ജനതയുടെ പുനർനിർമ്മിക്കായുള്ള ഉദ്വേഗമോ, അമിതമായ പ്രാദേശിക അവകാശ വാദങ്ങളെയൊ, അന്താരാഷ്ട്ര അഭിനിവേശങ്ങളേയൊ ഒരിക്കലും കമ്മ്യുണിസ്‌റ് പാർട്ടി-സ്റ്റേറ്റ് കൈവെടിഞ്ഞിരുന്നില്ല.
ജനറൽ സെക്രട്ടറിയായി 2012-ൽ ഷീയുടെ സ്ഥാനാരോഹണത്തിന് ശേഷം, ഉച്ചത്തിലുള്ള പല ഓർമ്മപെടുത്തലുകളും ഉണ്ടായിട്ടുണ്ട് – അത് തെക്കൻ ചൈനീസ് കടലിന്റെ സൈനീകരണമാകട്ടെ, ‘വുൾഫ് വോറിയർ’ എന്നറിയപ്പെടുന്ന പ്രകോപനപരമായ സമ്മർദ്ദത്തിലൂന്നിയ നയതന്ത്രമാകട്ടെ, അതുമല്ലെങ്കിൽ, ഇന്ത്യയെ സംബന്ധിച്ച് 2013 മുതൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ചൈനീസ് കടന്നു കയറ്റങ്ങളിൽ വന്നിരിക്കുന്ന ഗണ്യമായ മാറ്റങ്ങളാകട്ടെ….
ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ ഉദാര ലോക വ്യവസ്ഥക്കുള്ള സന്ദേശം വളരെ ലളിതമാണ്. ഈ വ്യവസ്ഥയെ ദുർബലപ്പെടുത്താൻ ചൈനീസ് പാർട്ടി-സ്റ്റേറ്റ് കരുതിക്കൂട്ടി ഇറങ്ങിയിരിക്കുകയാണെന്നത് വസ്തുത. കാരണം അവർ ലോകത്തെ വീക്ഷിക്കുന്നത്, തങ്ങൾക്ക് മാത്രമെങ്ങനെ നേട്ടമുണ്ടാക്കാമെന്ന നിബന്ധനയിലാണ്. ജനാധിപത്യ രാജ്യങ്ങൾ സുസ്ഥിരമായിരിക്കുകയും, പുരോഗതി കൈവരിക്കുകയുമാണെങ്കിൽ പിന്നെ ആഗോളവൽക്കരിക്കപ്പെട്ട ഈ ലോകത്ത്, ചൈനയെ പോലുള്ള സ്വേച്ഛാധിപത്യ ഏക പാർട്ടി ഭരണകൂടങ്ങൾ സ്വന്തം പൗരന്മാർക്ക്, അഭിപ്രായ സ്വാതന്ത്ര്യവും, ഭിന്നാഭിപ്രായ പ്രകടനവും നിഷേധിക്കുന്നത് സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. അത്തരത്തിലുള്ള ചോദ്യങ്ങൾ വെല്ലുവിളിയാകുന്നത് ജനങ്ങളുടെമേൽ അധികാരം കൈയാളാനുള്ള നിയമസാധുതയ്ക്കാണ്. പ്രത്യേകിച്ച്, ദുശാഠ്യമേറിയ ‘സീറോ-കൊവിഡ്’ നയത്തിന്റെ ഫലമായിട്ടുള്ള സാമ്പത്തിക മാന്ദ്യവും, യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന തൊഴിലില്ലായ്മയും.
ചുരുക്കത്തിൽ, രാഷ്ട്ര താൽപ്പര്യങ്ങൾ മറ്റു സാധാരണ രാജ്യങ്ങളെ നയിക്കുമ്പോൾ, പാർട്ടിയുടെ പ്രതിച്ഛായ കാത്ത് സൂക്ഷിച്ചു കൊണ്ട്, തങ്ങളുടെ ഭരണവ്യവസ്ഥ നിലനിർത്തുന്നതിനാണ്, സി.സി.പി പ്രയത്‌നിക്കുന്നത്. പൗരന്മാരുടെ ക്ഷേമത്തെക്കാളേറെ, തങ്ങളുടെ സ്വന്തം താല്പര്യങ്ങൾക്കാണ് പാർട്ടി-സ്റ്റേറ്റ് വിലകൽപിച്ചിരിക്കുന്നത്.
സി.സി.പി-യുടെ ഇരുപതാം ദേശീയ കോൺഗ്രസ്സ് വേളയിൽ, ഇന്ത്യക്കു മുന്നിലുള്ളത് ഒരു കാലോചിതമായ ഓർമ്മപ്പെടുത്തലാണ്. ആഴവും, ശ്രദ്ധയേറിതുമായ ഗവേഷണവും, പഠനവും (അതിനു വേണ്ടി സാമ്പത്തികമുൾപ്പടെയുള്ള സമഗ്രമായ വിഭങ്ങളുടെ നീക്കിയിരിപ്പ് കൂടി ) കൊണ്ട് മാത്രമേ ചൈനയെ കേന്ദ്രീകരിച്ചുള്ള വിശ്വാസയോഗ്യമായ നയങ്ങൾ വാർത്തെടുക്കാൻ സാധിക്കുകയുള്ളു. ചൈനയുടെ അന്താരാഷ്ട്ര പെരുമാറ്റത്തെ തിരുത്താനും, മെരുക്കാനുമുള്ള ദൗത്യം സ്വാഭാവികമായി ഇന്ത്യക്കുമേൽ പതിച്ചിട്ടുണ്ട്. എന്നാൽ ജനാധിപത്യവും, ആഭ്യന്തര ഉത്തരവാദിത്തവും സൗകര്യപൂർവ്വം ഉപേക്ഷിച്ചു കൊണ്ട്, ചൈനയെ, അവർ പിന്തുടരുന്ന അതേ പാതയിലൂടെ തന്നെ മറികടക്കാമെന്ന പ്രലോഭനവും ഇന്ത്യക്കുമുമ്പിലുണ്ട്. ഈ പ്രലോഭനത്തിൽ വീണാൽ, ചൈനക്കെതിരായ പ്രതിരോധം നിഷ്ഫലമാകുമെന്ന് മാത്രമല്ല, മറിച്ച്, അത് സാധൂകരിക്കുന്നത് ചൈനീസ് പാർട്ടി-സ്റ്റേറ്റിന്റെ ലോക വീക്ഷണത്തെ കൂടിയാണ്.