മത്സരാധിഷ്ഠിതമായ ഈ ലോകത്ത് പണത്തിനും പദവിയ്ക്കുമായി രാപകലില്ലാതെ ഓടുന്ന തലമുറയാണ് നമ്മുടേത്. കോര്‍പറേറ്റ് ജോലിയാണ് ഉളളതെങ്കില്‍ പിന്നെ പറയണ്ട. ടാര്‍ഗറ്റായി ഡെഡ്‌ലൈനായി മനസമാധാനം പോകാന്‍ മറ്റെന്താണ് വേണ്ടത്. എങ്കിലും നാം കഷ്ടപ്പെട്ട് പിടിച്ചുനില്‍ക്കും. എന്നാല്‍ ചൈനയില്‍ നിന്നുളള ഒരു യുവതി വ്യത്യസ്തമായ രീതിയാണ് തിരഞ്ഞെടുത്തത്. ചൈനയിലെ പ്രശസ്തമായ ഒരു സര്‍വ്വകലാശാലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഹുവാങ് എന്ന യുവതി കോര്‍പ്റേറ്റ് ജോലി ഉപേക്ഷിച്ച് തിരഞ്ഞെടുത്തത് സര്‍വ്വകലാശാലാ കാന്റീനിലെ ജോലിയാണ്.
സമൂഹത്തിന്റെ പ്രതീക്ഷകളേക്കാള്‍ തന്റെ മനസമാധാനത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നുമാണ് യുവതി പറയുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022-ല്‍ ബിരുദം പൂര്‍ത്തിയാക്കിയ യുവതി നിരവധി ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പ്രമുഖ മാധ്യമസ്ഥാപനങ്ങളിലും ഇന്റേണ്‍ ആയി ജോലി ചെയ്തു. മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ തനിക്ക് സംതൃപ്തി ലഭിച്ചത് കാന്റീനില്‍ ജോലി ചെയ്യുമ്പോഴാണ് എന്നാണ് യുവതി പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഹുവാങ് അമ്മ എന്നാണ് യുവതിയെ വിളിക്കുന്നത്.
അവര്‍ അതിരാവിലെ തന്നെ ജോലി ആരംഭിക്കും. കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുക, സൂപ്പും കഞ്ഞിയുമെല്ലാം വലിയ പാത്രങ്ങളില്‍ നിറയ്ക്കുക, പച്ചക്കറി അരിയുക തുടങ്ങിയവയാണ് ഹുവാങിന്റെ ജോലി. ശാരീരികാധ്വാനം ആവശ്യമുളള ജോലിയാണെങ്കിലും ക്രമേണ താന്‍ അതുമായി പൊരുത്തപ്പെട്ടുവെന്ന് ഹുവാങ് പറഞ്ഞു.
ഈ ജോലിക്ക് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു കൂട നിറയെ കുരുമുളക് മുറിച്ച കാര്യം പറയാം. അന്ന് എന്റെ കൈകള്‍ നീരുവന്ന് വീര്‍ത്തു. ആ അസ്വസ്ഥത സഹിക്കേണ്ടതായി വന്നു. എന്നാല്‍ പിറ്റേന്നുതന്നെ അത് മാറി. തുടക്കത്തില്‍ ജോലിയുടെ ക്ഷീണം എന്നെ തളര്‍ത്തിയിരുന്നു. എന്നാല്‍ അതൊക്കെ ഒന്ന് ഉറങ്ങി എഴുന്നേറ്റാല്‍ തീരാവുന്ന പ്രശ്‌നമേയുളളുവെന്ന് തിരിച്ചറിഞ്ഞു.
പ്രതിമാസം 6000 യുവാന്‍ ആണ് എനിക്ക് പ്രതിഫലമായി ലഭിക്കുന്നത് (ഏകദേശം 69,000 രൂപ). യൂണിവേഴ്‌സിറ്റിയിലെ എന്റെ സഹപാഠികള്‍ക്ക് എന്നേക്കാള്‍ ഇരട്ടി ശമ്പളം ലഭിക്കുന്നുണ്ട്. പക്ഷെ എന്നെ അത് ഒട്ടും അലട്ടുന്നില്ല. കാരണം കാന്റീനിലെ ജോലി ഞാന്‍ എന്റെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതാണ്. എന്റെ സന്തോഷത്തിനു വേണ്ടിയെടുത്ത തീരുമാനമാണിത്’- ഹുവാങ് പറഞ്ഞു. ഭാവിയില്‍ കാന്റീന്‍ മാനേജറാകാന്‍ താല്‍പ്പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.