കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് നിവാസികൾ ജനകീയ സമര സമതിയുടെ നേതൃത്വത്തിൽ മാർച്ച് 9 വ്യാഴാഴ്ച രാവിലെ10 ന് കുറിച്ചി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന ഐസ്ക്രീം കമ്പനിയ്ക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് നാട്ടുകാർ പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലേയ്ക്ക് എത്തുന്നത്.
കുറിച്ചി മന്ദിരം കവലക്ക് കിഴക്കുവശം പ്രവർത്തിക്കുന്ന പെനി ഐസ്ക്രീം ഫാക്ടറിക്ക് സമീപം താമസിക്കുന്ന ജനങ്ങളുടെ കുടിവെള്ളത്തിനുള്ള ഏക മാർഗമായിരുന്ന കിണറുകൾ എല്ലാം കമ്പനിയിൽ നിന്നുള്ള മാലിന്യം മൂലം മലിനമാകുന്നതായാണ് പരാതി. 2015 മുതൽ കിണറുകൾ ഓരോന്നായി മലിനമാക്കപ്പെട്ട് ഉപയോഗശൂന്യമായി മാറിയിരിക്കുന്നതായും നാട്ടുകാർ ജില്ലാ കളക്ടർക്ക് അടക്കം നൽകിയ പരാതിയിൽ പറയുന്നു. . പെനി ഐസ്ക്രീം ഫാക്ടറിയിൽ നിന്നും നിരന്തരമായി പുറന്തള്ളുന്ന മാരകമായ മാലിന്യങ്ങളാണ് ഇതിന് കാരണം. ഈ കിണറുകളിലെ വെള്ളം പരിശോധന നടത്തിയ സർക്കാർ ലാബുകളിലെ പരിശോധന ഫലങ്ങളിൽ എല്ലാം ഈ വെള്ളത്തിൽ മാരകമായ മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രൂബിഡിറ്റി, അമോണിയ, അയൺ എന്നിവ ഈ വെള്ളത്തിൽ വളരെ കൂടുതലാണ് എന്നാണ് പരിശോധനയിൽ അടക്കം കണ്ടെത്തിയിരിക്കുന്നത്. കോളിഫോം, ഇ കോളി തുടങ്ങിയവയുടെ സാന്നിധ്യവും വെള്ളത്തിൽ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഐസ്ക്രീം നിർമ്മാണത്തിന് ഉപയോഗിക്കുന്ന പാൽ, ചോക്ലേറ്റ് എന്നിവയുടെ ജീർണമായ അവശിഷ്ടങ്ങൾ ശക്തമായ ദുർഗന്ധവും അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കുന്നു. ഈ അവശിഷ്ടങ്ങളും ഐസ്ക്രീം പ്ളാൻറിൽ തണുപ്പിക്കാനായി ഉപയോഗിക്കുന്ന അമോണിയയുടെ അവശിഷ്ടവും തുടർച്ചയായി ഫാക്ടറിക്ക് സമീപത്തെ പറമ്പിലും കിണറ്റിലുമാണ് തള്ളി വന്നിരുന്നത്. 2022 ആഗസ്റ്റിലാണ് നിരന്തരമായി മാലിന്യനിക്ഷേപം നടത്തിയ ആ കിണർ മൂടാൻ ഉടമ തയ്യാറായത്. അതിനു ശേഷവും ഈ മാലിന്യങ്ങൾ മണ്ണിലേക്ക് നേരിട്ട് തള്ളുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
ഈ ഫാക്ടറിക്ക് സമീപത്തായി ഒരു അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. അവിടുത്തെ കിണറും കഴിഞ്ഞ ഒരു മാസമായി മലിനമാക്കപ്പെട്ട് കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. പുഴുക്കളും കീടങ്ങളും നിറഞ്ഞ, കലങ്ങിയതും ദുർഗന്ധവുമുള്ളതായ ഈ ജലം കുടിക്കാൻ എന്നല്ല മറ്റ് യാതൊരു കാര്യങ്ങൾക്കും ഉപയോഗിക്കാൻ പറ്റില്ല എന്നുള്ളത് ഏതൊരാൾക്കും പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്നു നാട്ടുകാർ പറയുന്നു. കിണറുകളിലെ കുടിവെള്ളം നഷ്ടപ്പെട്ട വ്യക്തികൾ പലപ്പോഴായി പഞ്ചായത്ത് ഭരണസമതിക്കും സെക്രട്ടറിക്കും പഞ്ചായത്ത് ഹെൽത്തിലും ജില്ലാ കളക്ടർക്കും ഒക്കെ നൽകിയ പരാതികൾക്കൊന്നും ഇതുവരെ പരിഹാരം ഉണ്ടാകാത്തതിനാലാണ് ജനകീയ സമരസമതി രൂപീകരിച്ച് നാട്ടുകാർ പ്രതിഷേധ സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്.