കൊല്ലം : തങ്കശ്ശേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോം. അമ്മയുടെ ചികിത്സയുടെ ഭാഗമാണ് താമസം മാറിയതെന്ന് ചിന്താ പറഞ്ഞു. താമസത്തിന് വാടകയായി നല്‍കിയിരുന്നത് 20,000 രൂപയാണ്. ഹോട്ടലിന്റെ പേരില്‍ ക്രമക്കേടുണ്ടെങ്കില്‍ അത് തന്നെ ബാധിക്കില്ല. തന്റെ സ്വകാര്യത പുറത്തു പറയുന്നതില്‍ ദുഃഖമുണ്ടെന്നും ചിന്താ ജൊറോം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘കൊവിഡ് സമയത്ത് അമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായി. ഇതിന് ചികിത്സ തിരുവനന്തപുരത്തായിരുന്നു. തിരികെയെത്തിയ ഘട്ടത്തില്‍ നടക്കാനുളള പ്രയാസം ഉണ്ടായിരുന്നു. വീട്ടില്‍ കിടപ്പ് മുറിയോട് ചേര്‍ന്ന് ശുചി മുറി സൗകര്യം ഇല്ലായിരുന്നു. ഇതോടൊപ്പം ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ ആയൂര്‍വേദ ചികിത്സ ആവശ്യമായി വന്നു. അതോടെയാണ് താമസം അവിടേക്ക് മാറിയത്. അമ്മയെ വീട്ടില്‍ തനിച്ചാക്കി പോകാന്‍ കഴിയില്ലായിരുന്നു. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കിയത്. അപ്പാര്‍ട്ട്മെന്റില്‍ വാടകയായി പറഞ്ഞത് ഇരുപതിനായിരം രൂപയാണ്. വാടക നല്‍കിയത് ഞാനും അമ്മയും ചേര്‍ന്നാണ്. ഹോട്ടലിന്റെ പേരില്‍ ക്രമക്കേടുണ്ടെങ്കില്‍ അത് തന്നെ ബാധിക്കില്ല. വിമര്‍ശിക്കുന്നവര്‍ തന്റെ അവസ്ഥ മനസിലാക്കണം,’ ചിന്താ പറഞ്ഞു.