തിരുവനന്തപുരം : കേരള യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചതായുള്ള വാര്‍ത്തകളോട് പ്രതികരിച്ച് ഡോ. ചിന്താ ജെറോം. 2018 ഇറങ്ങിയ ചട്ടപ്രകാരം യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്റെ ശമ്പളം ഒരു ലക്ഷമാക്കി നിശ്ചയിച്ചിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. അന്നുമുതല്‍ താന്‍ ആ തുക താന്‍ കൈപറ്റിവരുന്നുണ്ട്. തന്നെ ലക്ഷ്യമിട്ടുള്ള സംഘടിതവും ബോധപൂര്‍വവുമായ വ്യാജപ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചിന്ത ആരോപിച്ചു.
യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സനായി നിയമിതയാകുന്നത് 2016ലാണ്. അന്ന് കേരള സര്‍വകലാശാലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജെ.ആര്‍.എഫ് ഫെലോഷിപ്പോടെ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജെ.ആര്‍.എഫ് ഫെലോഷിപ്പ് വേണ്ടെന്ന് എഴുതിനല്‍കിയാണ് അന്ന് കമ്മിഷന്‍ അധ്യക്ഷയായി ചുമതലയേറ്റത്.
‘ചുമതലയേല്‍ക്കുമ്പോള്‍ യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം നിശ്ചയിച്ചിരുന്നില്ല. സേവനവേതന വ്യവസ്ഥയെ സംബന്ധിച്ച് പിന്നീട് ഒരു സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. യാതൊരുവിധ ശമ്പളവും പറ്റാതെയാണ് കമ്മിഷന്‍ അധ്യക്ഷയായി ആദ്യം പ്രവര്‍ത്തിച്ചുവന്നത്.’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 മേയിലാണ് യുവജന കമ്മിഷന്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നത്. യുവജന കമ്മിഷന്‍ അധ്യക്ഷ എന്ന പദവിയിലുള്ള ആള്‍ക്കുള്ള ശമ്ബളം ഒരു ലക്ഷമാണെന്ന് നിജപ്പെടുത്തിയാണ് 2018ല്‍ ചട്ടങ്ങള്‍ പുറത്തുവന്നത്. സര്‍ക്കാര്‍ തീരുമാനിക്കുകയും നിയമസഭ അംഗീകരിക്കുകയും ചെയ്ത ആ തുക അന്നുമുതല്‍ കൈപറ്റിവരുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചെന്ന തരത്തില്‍ പ്രചാരണം നവമാധ്യമങ്ങളില്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതെന്നും ചിന്ത ചൂണ്ടിക്കാട്ടി.
’32 ലക്ഷം എന്നൊരു ഭീമന്‍ തുക എനിക്കു ലഭിക്കുമെന്നും പ്രചാരണമുണ്ടായി. ഞാന്‍ ചുമതലയേറ്റതു മുതലുള്ള തുക കണക്കുകൂട്ടിയാലും ഇത്ര വരില്ല. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നത്? ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണിത്. 32 ലക്ഷം രൂപയൊക്കെ എന്റെ കൈയില്‍ വന്നാല്‍ അത് ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കും. അതാണ് ഞങ്ങള്‍ ശീലിച്ചുവന്ന രീതി.
വ്യക്തിപരമായി ഇത്രയും തുകയൊന്നും കൈവശം സൂക്ഷിക്കുന്ന പ്രവര്‍ത്തന പാരമ്പര്യമോ കുടുംബ പശ്ചാത്തലമോ എനിക്കില്ല.എന്റെ മുന്‍പ് കമ്മിഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നത് കെ.പി.സി.സി നേതാവായ ആര്‍.വി രാജേഷ് ആയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്താണിത്. അദ്ദേഹം ശമ്ബള കുടിശ്ശിക ആവശ്യപ്പെട്ട് കോടതിയെ അടുത്തിടെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശമ്ബള കുടിശ്ശിക നല്‍കണമെന്ന് കോടതിവിധിയും വരികയുണ്ടായി. ഇതാണിപ്പോള്‍ വാര്‍ത്തയാകാനുള്ള കാരണമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ചിന്ത ജെറോം കൂട്ടിച്ചേര്‍ത്തു.