ചങ്ങനാശ്ശേരി: നഗരസഭ മുൻ ചെയർപേഴ്‌സൺ സന്ധ്യാ മനോജിനെതിരെ വോട്ട് ചെയ്ത കോൺഗ്രസ് കൗൺസിലർമാരെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. നഗരസഭ മുൻ ചെയർമാൻ സന്ധ്യാ മനോജിനെതിരെ എൽഡിഎഫ് കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ കൂറുമാറി വോട്ട് ചെയ്ത കോൺഗ്രസ് കൗൺസിലർമാരെയാണ് അയോഗ്യരാക്കിയത്.
കോൺഗ്രസ് കൗൺസിലർമാരായ ബാബു തോമസിനെയും രാജു ചാക്കോയെയുമാണ്
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആറു വർഷത്തേക്ക് അയോഗ്യരാക്കി പ്രഖ്യാപിച്ചത്. യുഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ജോമി ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ കൂറുമാറ്റ കേസിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് വിധി പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023 ജൂലൈയിലാണ് യുഡിഎഫ് പിന്തുണയോടു കൂടി അധികാരത്തിൽ വന്ന സന്ധ്യാ മനോജിനെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ട് വന്നത്. ഈ അവിശ്വാസത്തിൽ
പങ്കെടുക്കാതെ വിട്ടുനിൽക്കണമെന്ന് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് നൽകിയ വിപ്പ് ലംഘിച്ചുകൊണ്ടാണ് കോൺഗ്രസിന്റെ കൗൺസിലർമാരായ ഇവർ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുകയും അവിശ്വാസപ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തത്.
ഇതേ തുടർന്ന് നഗരസഭാ ഭരണം എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ഇരുവരെയും കോൺഗ്രസിൻറെ പ്രാഥമിക അംഗത്വത്തിൽ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. നഗരസഭ 30 -ാം വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ബീന ജോബിക്കെതിരെയും
ഈ കേസിനൊപ്പം തെരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ഈ കേസിൽ ബീന ജോബിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി പുറപ്പെടുവിച്ചിരുന്നു. യു ഡി എഫിന് വേണ്ടി അഡ്വ: സന്തോഷ് കുമാർ ഹാജരായി.