പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്.തന്‍റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയല്‍വാസിയായ പുഷ്പയാണെന്ന് ചെന്താമര മൊഴി നല്‍കി. പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശയുണ്ടെന്നും താൻ പുറത്തിറങ്ങാതിരിക്കാൻ കൂട്ട പരാതി നല്‍കിയവരില്‍ പുഷ്പയും ഉണ്ടെന്നും ചെന്താമര പൊലീസിനോട് പറഞ്ഞു.ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ പുഷ്പ രക്ഷപ്പെട്ടുവെന്നും ചെന്താമര പറഞ്ഞു.
ആലത്തൂര്‍ ഡിവൈഎസ്‍പി എൻ മുരളീധരന്‍റെ ചോദ്യം ചെയ്യലിലാണ് ചെന്താമരയുടെ വെളിപ്പെടുത്തല്‍. പുഷ്പയെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്നാണ് ചെന്താമരയുടെ വെളിപ്പെടുത്തല്‍.നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. നാളെ വൈകീട്ട് 3 മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെയും തെളിവെടുപ്പ് തുടരും.ഇന്ന് രാവിലെ 11 മണിയ്ക്കാണ് ചെന്താമരയെ വിയ്യൂർ ജയിലില്‍ നിന്ന് ആലത്തൂർ കോടതിയില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പൊലീസ് പ്രതിയുമായി പോത്തുണ്ടിയിലെ ബോയൻ കോളനിയിലേക്കാണ് എത്തിയത്. കൊല നടത്തിയ സ്ഥലത്താണ് ആദ്യമെത്തിച്ചത്. അതിനുശേഷം വീട്ടിലേക്ക് പോയതും മലയില്‍ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര പൊലീസിന് വിശദീകരിച്ചുകൊടുത്തത്. കൊടുവാള്‍ വീട്ടില്‍ വെച്ചശേഷം പാടവരമ്ബിലൂടെ ഓടി. ഇടയ്ക്ക് കമ്ബി വേലി ചാടി കടന്നപ്പോള്‍ ശരീരത്തില്‍ ചെറിയ മുറിവേറ്റു.പകല്‍ മുഴുവൻ പാടത്തെ ചെറിയ ചാലില്‍ തന്നെ നിന്നു . രാത്രി കനാലിലൂടെ മലകയറിയെന്നും അവിടെ ഒരു ഗുഹയിലായിരുന്നു താമസമെന്നും ചെന്താമര വിശദീകരിച്ചു. ഒളിവിലിരിക്കെ പൊലീസ് ജീപ്പിന്‍റെ വെളിച്ചം പലവട്ടം കണ്ടുവെന്നും ചെന്താമര പറഞ്ഞു.
മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്.സ്ത്രീകള്‍ ചെന്താമരയെ കണ്ടതും പൊട്ടിത്തെറിച്ചു. പൊലീസിന് ഏറെ പഴി കേള്‍ക്കേണ്ടി വന്ന കേസായതിനാല്‍ പഴുതടച്ച നടപടിക്രമങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്. പ്രദേശവാസികളുടെ വൈകാരിക പ്രകടനം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വൻ സുരക്ഷയാണ് പോത്തുണ്ടി മുതല്‍ ബോയൻ കോളനി വരെ ഒരുക്കിയത്. എന്നാല്‍, നാട്ടുകാർ പൊലീസിനോട് പൂർണമായി സഹകരിച്ചു.