കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ദുഷ്കകരമാകുന്നു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലുമാണ് വൻ ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈയിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടാകുന്നത്.
മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ എത്രമാത്രം ബാധിച്ചെന്നത് ഇതുവരെ വിലയിരുത്താനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ ചൂരൽമലയിലെ ഹോംസ്റ്റേയിൽ നിന്നും കാണാതായ രണ്ട് ഡോക്ടര്‍മാരിൽ ഒരാളെ പരിക്കുകളോടെ കണ്ടെത്തി. ചൂരൽ മല ഹോം സ്റ്റേയിൽ താമസിച്ചിരുന്ന ഡോക്ടർമാരാണ് അപകടത്തിൽപ്പെട്ടത്. ഒഡിഷ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ ഒരു ഡോക്ടർക്കായി തെരച്ചിൽ തുടരുകയാണ്.
അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും റിസോർട്ടുകളും ഉണ്ട്. കനത്ത ഉരുൾപൊട്ടലിൽ വൻ നാശനഷ്ടമാണ് വയനാട്ടിൽ സംഭവിച്ചിരിക്കുന്നത്. ഇതുവരെ 19 പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ ഒലിച്ച് വന്ന 10 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.