ചോറ്റാനിക്കര: ചോറ്റാനിക്കര പാലസ് സ്ക്വയറിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നു മനുഷ്യന്‍റെ തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തി.വൈറ്റിലയില്‍ താമസിക്കുന്ന ഡോ. ഫിലിപ്പ് ജോണിന്‍റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആരും താമസമില്ലാത്ത വീട്ടിലാണ് സംഭവം.15 ഏക്കറോളം വരുന്ന വീട്ടുവളപ്പ് കാടുമൂടിയ നിലയിലും വീട്ടില്‍ ചിതല്‍പ്പുറ്റുകളും മറ്റും വളർന്നു കയറിയ അവസ്ഥയിലുമായിരുന്നു. സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന ഇവിടെ തിങ്കളാഴ്ച രാവിലെയും സംഘം ചേർന്നുള്ള മദ്യപാനം നടന്നിരുന്നു. ഇതേതുടർന്ന് വാർഡ് മെമ്ബർ പരാതി പറഞ്ഞതിനെ തുടർന്നുള്ള പോലീസ് പരിശോധനയിലാണ് മനുഷ്യന്‍റെ അസ്ഥികൂട ഭാഗങ്ങള്‍ വൈകുന്നേരത്തോടെ പോലീസ് കണ്ടെത്തിയത്.
വീടിന്‍റെ തുറന്നുകിടന്ന വാതിലില്‍ കൂടി അകത്ത് കടന്ന പോലീസ് സംഘം ഉപയോഗശൂന്യമായി കിടന്നിരുന്ന ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോഴാണ് ബിഗ് ഷോപ്പർ പോലെയുള്ള കവറിനുള്ളില്‍ ചെറിയ പ്ലാസ്റ്റിക് കിറ്റുകളിലായി സൂക്ഷിച്ച നിലയില്‍ തലയോട്ടിയും കൈയുടെയും കാല്‍പാദത്തിന്‍റെയും അസ്ഥികളും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്. വളരെ പഴക്കം ചെന്ന നിലയിലായിരുന്നു അസ്ഥിക്കഷണങ്ങള്‍. അസ്ഥിക്കഷണങ്ങളില്‍ ലാബ് ആവശ്യങ്ങള്‍ക്കും മറ്റുമുള്ള രീതിയില്‍ മാർക്കിംഗുകള്‍ കണ്ടെത്തിയതായി ചോറ്റാനിക്കര പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത അസ്ഥിക്കഷണങ്ങളുടെ ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക് പരിശോധനയ്ക്ക് ഇന്ന് കൈമാറും. വിദഗ്ധ പരിശോധനകള്‍ക്കുശേഷമേ ജഡാവശിഷ്ടങ്ങള്‍ സ്ത്രീയുടേയോ, പുരുഷന്‍റെയോ എന്ന് തിരിച്ചറിയാൻ സാധിക്കൂ.