ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ മക്കളെ കൊലപ്പെടുത്തി അധ്യാപക
ദമ്പതിമാർ ജീവനൊടുക്കിയതിന്റെ
ഞെട്ടലിലാണ് ഒരു നാട് മുഴുവനും. ചോറ്റാനിക്കര തിരുവാണിയൂർ പഞ്ചായത്തിലെ കക്കാട് പടിഞ്ഞാറേ വാര്യത്ത് രഞ്ജിത് (40) ഭാര്യ രശ്മി ഇവരുടെ രണ്ടുമക്കൾ എന്നിവരെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ ആദ്യയുടെ സംഗീത അരങ്ങേറ്റത്തിന്റെ വീഡിയോ രശ്മി സമൂഹമാധ്യമങ്ങളിൾ പങ്കുവച്ചത് കഴിഞ്ഞ ദിവസമാണ്. ഏതാണ്ട് ഇരുപത്തിനാല് മണിക്കൂർ പിന്നിടുമ്‌ബോഴേക്കും ആ സന്തോഷം തല്ലിക്കെടുത്തി നാല് ജീവനുകൾ പൊലിയാൻ കാരണമായതെന്തെന്ന അമ്പരപ്പിലാണ് പ്രദേശവാസികൾ.
മാസങ്ങളായി ആൾത്താമസമേ ഇല്ലെന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു രഞ്ജിത്തിന്റെ വീടും പരിസരവും. അടിച്ചു വാരി വൃത്തിയാക്കിയിട്ട് നാളുകളേറെയായിട്ടുണ്ടെന്ന് കാടു കയറിത്തുടങ്ങിയ മുറ്റവും പരിസരവും ഓർമിപ്പിക്കും. വീടിന്റെ നാലുപാടും കരിയലകളും മാറാലയുമാണ്. ഒച്ചും അട്ടയുമാണ് ചുമരുകളിൽ. ഈ വീടിനുള്ളിൽ നാല് മനുഷ്യർ ജീവിച്ചിരുന്നുവെന്ന് തന്നെ വിശ്വസിക്കാൻ പ്രയാസമാണ്. വീടിന്റെ ഒരു ഭാഗത്ത് പാതികത്തിയ നിലയിൽ കുറേ ഇൻഹെയ്‌ലർ ബോട്ടിലുകളും കിടപ്പുണ്ടായിരുന്നു. ആസ്മ രോഗിയായിരുന്നു രഞ്ജിത്ത് എന്ന് പ്രദേശവാസികളിലൊരാൾ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ സൈക്കിളുകളും പൊടി പിടിച്ച് മുറ്റത്ത് മറിഞ്ഞു കിടപ്പുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാരുമായി തീരെ സമ്പർക്കം രഞ്ജിത്തിനും കുടുംബത്തിനും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രഞ്ജിത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പഞ്ചായത്ത് മെമ്പറുൾപ്പടെ പറയുന്നു. അവധി ദിവസം പോലും കുട്ടികളെ പുറത്ത് പലരും കണ്ടിരുന്നില്ല. പല സമയങ്ങളിലും കുട്ടികൾക്കുള്ള ഭക്ഷണം രഞ്ജിത്ത് പുറത്തു നിന്ന് വാങ്ങിയിരുന്നതായും പ്രദേശവാസികൾ പറയുന്നു.
രഞ്ജിത്തിന്റെ വീടിനു താഴെയുള്ള തറവാട്ട് വീട്ടിലാണ് അമ്മയും സഹോദരന്റെ കുടുംബവും താമസിക്കുന്നത്. അവർ മരണ വിവരം അറിയുന്നത് വീട്ടിലേക്ക് ആളുകൾ എത്തിത്തുടങ്ങിയപ്പോഴാണ്. കണ്ടനാട് സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ് രഞ്ജിത്ത്. പൂത്തോട്ട എസ്.എൻ.ഡി,പി സ്‌കൂളിലെ അധ്യാപികയാണ് രശ്മി. അതേ സ്‌കൂളിൽ തന്നെയാണ് മക്കളായ ആദ്യയും ആദിയും പഠിക്കുന്നത്. ഇരുവരും സ്‌കൂളിലെത്തിയിട്ടില്ല, വിളിച്ചിട്ട് കിട്ടുന്നില്ലെന്നറിയിച്ച് സ്‌കൂളിലെ അധ്യാപകർ അയൽക്കാരെ ഫോൺ വിളിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. വീടിന്റെ ഗേറ്റ് ചാരിയിട്ടിരുന്നു. കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല. കുറച്ചുനേരം കാത്തിരുന്നതിന് ശേഷം വാതിലിൽ തട്ടിയപ്പോൾ വാതിൽ തുറന്നുവന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് രശ്മിയേയും രഞ്ജിത്തിനേയും മരിച്ചനിലയിൽ കണ്ടത്. കുട്ടികൾ രണ്ടു പേരും കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു.
മൃതദേഹങ്ങൾ മെഡിക്കൽ കോളേജിന് കൈമാറണമെന്ന് പറയുന്ന ഒരു കുറിപ്പും മുറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.