ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം. യെച്ചൂരി ക്രിസ്ത്യാനിയാണെന്നും ഹിന്ദു പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നുമാണു പ്രചാരണം നടക്കുന്നത്.ഹിന്ദുത്വ ഹാൻഡിലുകളില്‍നിന്നുള്ള പ്രചാരണങ്ങള്‍ക്കെതിരെ ബോളിവുഡ് താരം സ്വര ഭാസ്കർ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
യെച്ചൂരിയുടെ ഭൗതികദേഹം എംബാം ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ചാണ് സംഘ്പരിവാർ അനുകൂല ഹാൻഡിലുകള്‍ വ്യാജ അവകാശവാദങ്ങളുമായി എത്തിയിരിക്കുന്നത്. ”അപ്പോള്‍ യെച്ചൂരി ക്രിസ്ത്യാനിയായിരുന്നുവല്ലേ… അയാള്‍ ഹിന്ദുമതത്തെ വെറുത്തതില്‍ അത്ഭുതമില്ല. എന്നാല്‍, സ്വന്തം മതസ്വത്വം എന്തിനാണ് അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ മറച്ചുവയ്ക്കുന്നത്?”-ഇങ്ങനെയാണ് ഒരു എക്സ് പോസ്റ്റിലെ അധിക്ഷേപം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബ്രാഹ്മണ ഹിന്ദുവായി ജനിച്ച സീതാറാം യെച്ചൂരി മരിക്കുന്നത് കത്തോലിക്കാ ക്രിസ്ത്യാനിയായാണെന്നും മതത്തില്‍ വിശ്വസിക്കാത്ത കമ്യൂണിസത്തിന്റെ ശക്തിയാണിതെന്ന് ‘ഹിന്ദുത്വ നൈറ്റ്’ എന്ന പേരിലുള്ള ഒരു എക്സ് യൂസർ ആക്ഷേപിച്ചു. പുതുവിശ്വാസികളാണ് മറ്റുള്ളവരിലും കൂടുതല്‍ ഹിന്ദുക്കളെ വെറുക്കുന്നതെന്ന് ‘യൂത്ത് ഫോർ ബിജെപി’ എന്ന എക്സ് യൂസർ. എത്രപേരെയാണ് ഹിന്ദു പേരും വച്ച് യെച്ചൂരി കബളിപ്പിച്ചതെന്ന് മറ്റൊരാള്‍. ക്രിസ്തുമതത്തിലേക്കു മാറിയവർ ഹിന്ദു നാമങ്ങള്‍ ഉപയോഗിക്കുന്നതു വിലക്കുന്ന നിയമം കൊണ്ടുവരണമെന്നു മറ്റൊരു എക്സ് യൂസറും ആവശ്യപ്പെട്ടു.
സംഘി മാലിന്യങ്ങളില്‍നിന്നുള്ള പമ്ബരവിഡ്ഢികള് എപ്പോഴുമൊരു വിസ്മയമാണെന്നായിരുന്നു വിദ്വേഷ പ്രചാരണത്തിന്റെ സ്ക്രീൻഷോട്ടുകള്‍ പങ്കുവച്ച് സ്വര ഭാസ്കർ കുറിച്ചത്. ആത്മീയതയോട് ആഭിമുഖ്യം തോന്നിയാല്‍ ക്രിസ്തുമതം മാത്രമല്ല, ഏതു മതത്തിലേക്കു മാറുന്നതിനും പ്രശ്നമില്ലെന്നും അവർ തുടർന്നു. എയിംസില്‍ മെഡിക്കല്‍ ഗവേഷണത്തിനായി നല്‍കുന്നതുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഭൗതികദേഹം എംബാം ചെയ്തത്. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും സ്വര ചൂണ്ടിക്കാട്ടി.
മരണത്തിനുശേഷവും മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ജീവിതം സമർപ്പിച്ച ശരിക്കും നിസ്വാർഥനായ മനുഷ്യനാണ് അദ്ദേഹമെന്നും നടി പറഞ്ഞു. അപ്പോഴാണ് തെരുവുഗുണ്ടകള്‍ ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ മരണത്തെ പോലും വർഗീയവല്‍ക്കരിക്കുന്നത്. മനുഷ്യരെന്നു വിളിക്കാൻ അർഹരല്ല ഇവരെന്നും സ്വര ഭാസ്കർ വിമർശിച്ചു.
സെപ്റ്റംബർ 12ന് ഉച്ചയോടെയാണ് സീതാറാം യെച്ചൂരി അന്തരിക്കുന്നത്. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. ശ്വാസകോശത്തില്‍ അണുബാധയെ തുടർന്നു ചികിത്സയിലായിരുന്നു. വിദ്യാർഥി കാലത്ത് യെച്ചൂരിയുടെ പോരാട്ടഭൂമിയായിരുന്ന ജവഹർലാല്‍ നെഹ്റു സർവകലാശാലയിലും വസന്ത്കുഞ്ചിലെ വീട്ടിലും പൊതുദർശനത്തിനുവച്ച് അവസാനമായി സിപിഎം ആസ്ഥാനം എകെജി ഭവനിലെത്തിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം ഡല്‍ഹി എയിംസിനു കൈമാറുകയായിരുന്നു.