കോട്ടയം: ക്രിസ്മസ് പിറ്റേന്ന് മദ്യപിച്ച് വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ് ഡ്രൈവർമാർക്ക് എതിരെ പൊലീസ് കേസ്. ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ടി.സി.എം ബസിലെ ഡ്രൈവർ പി.എം പ്രദീപ്, ടി.എൻ.എസ് ബസിലെ ഡ്രൈവർ ജിതിൻ വി.ജോയ് എന്നിവർക്ക് എതിരെയാണ് കോട്ടയം ട്രാഫിക് പൊലീസ് കേസെടുത്തത്. ഇന്നു രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം ട്രാഫിക് എസ്‌ഐ കെ.രാജേഷിന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര സ്റ്റാൻഡിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യപിച്ചോ എന്നറിയാൻ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവർമാരായ രണ്ടു പേർ പിടിയിലായത്. സംഭവത്തിൽ കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.