കോട്ടയം: ക്രിസ്മസ് ദിനത്തിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ യുവാക്കൾക്ക് മാതൃകാപരമായ ശിക്ഷ നൽകി ആശുപത്രി അധികൃതർ. മദ്യലഹരിയിൽ ആശുപത്രിയിൽ എത്തിയ യുവാക്കൾ ആശുപത്രി ജീവനക്കാരെയും, ഡോക്ടറെയും, സെക്യൂരിറ്റി ജീവനക്കാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ പരാതിയിൽ പാമ്പാടി പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളായ മൂന്നു പേരെയും കണ്ടെത്തുകയും ചെയ്തു. എന്നാൽ, പൊലീസ് പിടികൂടിയതോടെ യുവാക്കളുടെ ആവേശം ആറിത്തണുത്തു. ഇതോടെ കേസ് പിൻവലിക്കണമെന്നും നടപടികൾ ഒഴിവാക്കി നൽകണമെന്നുമായി യുവാക്കളുടെ അഭ്യർത്ഥന. കേസിൽ നിന്നും ഒഴിവാകാൻ ഇവർ ആശുപത്രി ജീവനക്കാരോട് മാപ്പും പറഞ്ഞു. എന്നാൽ, മാപ്പിൽ മാത്രം ഒതുക്കാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ല. തുടർന്ന്, ഇവരോട് ആശുപത്രി ഒരു ദിവസം ശുചീകരിക്കാൻ നിർദേശിക്കുകയായിരുന്നു. ഇത് അനുസരിച്ച് യുവാക്കൾ ആശുപത്രിയും പരിസരവും ഒരു ദിവസം ശുചീകരിച്ചു. ഇന്ന് ആശുപത്രിയും പരിസരവും ശുചീകരിച്ചത് ഈ യുവാക്കളായിരുന്നു.