കോട്ടയം :2024 ലെ തെരഞ്ഞെടുപ്പിൽ BJP സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുവാൻ ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യകതയാണ് എന്ന് സിവിൽ സൊസൈറ്റി മൂവ്മെന്റ് .കോട്ടയം പ്രെസ്സ് ക്ലബ്ബിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ വെച്ച് സിവിൽ സൊസൈറ്റി മൂവ്മെന്റ് ഭാരവാഹികൾ സംസാരിക്കുകയായിരുന്നു.ഒരു പതിറ്റാണ്ടാകുന്ന നരേന്ദ്രമോദിയുടെ ഭരണം കരകയറാനാവാത്ത ദുരിത കയത്തിലാണ് ഇന്ത്യയെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. മൂന്നാമതൊരു വട്ടം കൂടി BJP അധികാരത്തിൽ വരുകയാണെങ്കിൽ അത് ഇന്ത്യ യുടെ ഭരണഘടനയ്ക്കും, പാർലമെൻ്ററി ജനാധിപത്യത്തിനും കടുത്ത വെല്ലുവിളിയായിരിക്കും അതു കൊണ്ട് എന്ത് വിലകൊടുത്തും BJP യെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതിനായിരിക്കണം തെരഞ്ഞെടുപ്പിൽ ഊന്നൽ നൽകേണ്ടത്. സവർക്കറുടെ ഹിന്ദുത്വരാഷ്ട്രം വേണോ? അതോ, ഗാന്ധിയും, അംബേദ്കറും രൂപപ്പെടുത്തിയ മതേതര ജനാധിപത്യ ഇന്ത്യ വേണോ? എന്നതാണ് തെരഞ്ഞെടുപ്പ് ഉയർത്തുന്ന സുപ്രധാന ചോദ്യം. ഈ ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാതെ കേവല ഫാസിസ്റ്റ് വിരുദ്ധത പറയുന്നതിൽ യാതൊരു പ്രസക്തിയുമില്ല. ദേശീയ തലത്തിൽ BJP യെ പ്രതിരോധിക്കുവാൻ കഴിയുന്നത് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന് മാത്രമാണ്. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും കോൺഗ്രസ്സിന് പരമാവധി പാർലമെൻ്റ് സീറ്റുകൾ ഉറപ്പാ ക്കുകയാണ് വേണ്ടത്. കോൺഗ്രസ്സിനെ അധികാരത്തിൽ അവരോധിക്കുന്നതിലുപരി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ മുൻതൂക്കം കൊടുക്കേണ്ടത്. ഇന്ത്യാ സഖ്യത്തിനെതിരെ കള്ളപ്രചാരണങ്ങൾ നടത്തുന്ന CPIM എല്ലാ കാലത്തും പ്രതിപക്ഷ ഐക്യത്തെ തുരങ്കം വയ്ക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. BJP യുടെ കോൺഗ്രസ്സ് മുക്ത ഭാരതത്തിൻ്റെ കേരള പതിപ്പ് നടപ്പാക്കാനാണ് CPIM നോക്കുന്നത്. ഈ തെരഞ്ഞെടുപ്പോടുകൂടി ഇവർ തമ്മിലുള്ള രാഷ്ട്രീയ അന്തർധാര മറനീക്കി പുറത്തു വരികതന്നെ ചെയ്യും. ഇരു പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ സഖ്യ ത്തിന്റെ സൈദ്ധാന്തിക അടിത്തറ ഫാസിസം തന്നെയാണ്. ഫാസിസത്തിനെതിരെ ദേശീയ തല ത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന് വിമർശനാത്മക പിന്തുണയാണ് സിവിൽ സൊസൈറ്റി മൂവ്മെൻ്റ് നൽകുന്നത്. AICC ഇന്ത്യാ സഖ്യവും ജാതിസെൻസസ്സ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം അതിനോട് ക്രിയാത്മകമായി പ്രതികരിച്ച് കാണുന്നില്ല. കേരളം ജാതി സെൻസസ്സ് നടപ്പാക്കണമെന്ന് കോൺഗ്രസ്സ് പ്രഖ്യാപിക്കേണ്ടതുണ്ട്. അതുപോലെ ലോകായുക്ത നിയമങ്ങൾ ഓഡിനൻസ് വഴി അട്ടിമറിച്ച LDF സർക്കാരിന്റെ നയങ്ങൾ തിരുത്തുമെന്നും കോൺഗ്രസ്സ് പറയേണ്ടതുണ്ട്. അധികാര രാഷ്ട്രീയത്തിന് വെളിയിൽ പാർലമെന്റേതര പ്രതിപക്ഷമെന്ന സങ്കൽപ്പത്തിൽ നിന്നുകൊണ്ട് സിവിൽ സൊസൈറ്റി മൂവ്മെൻ്റ് നടത്തുന്ന സേവ് ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി 19-4-2024 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപത്തുവെച്ച് പ്രമുഖ ഗാന്ധിയൻ ശ്രീ ബി.ആർ.കൈമൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഏറ്റുമാനൂർ, കല്ലറ, കടുത്തുരുത്തി, കുറവിലങ്ങാട്, കടപ്ലാമറ്റം, മങ്ങാട്ടുപിള്ളി വഴി പാലായിൽ വൈകിട്ട് 7 മണിക്ക് സമാപിക്കുന്നു. സമാപനയോഗത്തിൽ പ്രമുഖ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ സംസാരിക്കും