സി എം എസ്സിൽ പണം കായ്ക്കുന്ന മരം ; ക്യാമ്പസ്സിനുള്ളിൽ സാമ്പത്തിക സാക്ഷരത പ്രചാരണം തുടങ്ങി

കോട്ടയം : പണം കായ്‌ക്കുന്ന മരം കണ്ടിട്ടോ എന്ന ചോദ്യവുമായി സി എം എസ് കോളേജ് ഒന്നാം വർഷ ബി കോം ബിരുദ വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസ്സിൽ സാമ്പത്തിക സാക്ഷരത പ്രചാരണം നടത്തി. പരിപാടിയുടെ ഭാഗമായി പണം കായ്ക്കുന്ന ഒരു മരം തന്നെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കി. സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വരുമാന വിനിയോഗത്തെപ്പറ്റിയും ചിലവുകളുടെ നിയന്ത്രണം ഉൾപ്പെടെ നിക്ഷേപരീതികൾ ഒക്കെയും പരിചയപ്പെടുന്ന തരത്തിൽ സാമ്പത്തിക തീരുമാനങ്ങളിലെ ശരിയും തെറ്റും തിരിച്ചറിയാൻ സഹായകമാകുന്ന ഒരു മോഡൽ ആണ് പണം കായ്ക്കുന്ന മരമായി വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. മരത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്താൽ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്നതിനും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയും അറിയാൻ സാധിക്കും. സാമ്പത്തിക തീരുമാനങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ സാധാരണ ആളുകളിലേക്ക് അതിവേഗം എത്തിക്കാൻ വിദ്യാർത്ഥികൾക്കു സാധിക്കുന്നു എന്നു പരിപാടി ഉദ്ഘാടനം ചെയ്ത പ്രിൻസിപ്പൽ ഡോ അഞ്ചു ശോശൻ ജോർജ് പറഞ്ഞു.ക്യാമ്പസ്സിനുള്ളിൽ സാമ്പത്തിക സാക്ഷരത പ്രചാരണത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളെ പ്രിൻസിപ്പൽ അനുമോദിക്കുകയും ചെയ്തു. മരത്തിന്റെ വിത്ത് ചോദിച്ചു എത്തിയവർ ചിരി പടർ ത്തി. നന്നായി നട്ടു കൃത്യമായ പരിചരണം കൊടുത്താൽ നൂറു മേനി കായ്ക്കുമെന്ന് വിദ്യാർത്ഥികളുടെ മറുപടി. ഉച്ചക്ക് ശേഷം സാമ്പത്തിക സാക്ഷരത സെമിനാറും ക്യാമ്പയിന്റെ ഭാഗമായി നടന്നു.എസ് ബി ഐ ആർ ബി ഒ കോട്ടയം ചീഫ് മാനേജർ ഷാന പി എസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അഞ്ചു ശോശൻ ജോർജ്, കൊമേഴ്‌സ് ഡിപ്പാർട്മെന്റ് മേധാവി ഡോ ആൻ എബ്രഹാം, എസ് ബി ഐ ഡെപ്യൂട്ടി മാനേജർ ശ്രീദേവി, വിദ്യാർഥികളായ സിയ ആൻ തോമസ്,കൃഷ്ണ എസ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിക്ഷേപ സാദ്ധ്യതകൾ മനസ്സിലാക്കുന്നതിനായി എക്സിബിഷനും ക്ലാസ്സുകളും സാമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ തന്നെ തുണിയിൽ തയ്ച്ചെടുത്ത കുടുക്ക വിതരണവും നടന്നു.

Advertisements

Hot Topics

Related Articles