തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവർഷം ഇന്ന് പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2023 തുലാവർഷം 2024 ജനുവരി 14നും 2022 (2023 ജനുവരി 12), 2021( 2022 ജനുവരി 22) ആണ് പിൻവാങ്ങിയത്. കേരളത്തില്‍ പകല്‍ ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. ഈ മാസം അവസാനവും ഫെബ്രുവരി ആദ്യ ദിവസങ്ങളിലും ചെറിയ രീതിയില്‍ വീണ്ടും മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
താപനില കുതിച്ചുയർന്ന് വിയർക്കാൻ തുടങ്ങിയ കേരളത്തിന് ചെറിയ ആശ്വാസമാകുന്നതാണ് പുതിയ കാലാവസ്ഥ പ്രവചനം. വ്യാഴാഴ്ചയോടെ മഴയുണ്ടായേക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. വ്യാഴാഴ്ച 2 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുപ്പതാം തിയതി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.